Friday, December 8, 2017

തരൂ മനുഷ്യസ്നേഹം...!!

പച്ചയ്ക്ക് ശരീരം വെട്ടിനുറുക്കി കത്തിച്ചിട്ട്.., അവൻ പറഞ്ഞു,
ഇതാണ് ഞങ്ങളുടെ ദേശസ്നേഹം..!
തട്ടമിട്ടു ഡാൻസ് ചെയ്ത പെൺകുട്ടികളെ അസഭ്യം പറഞ്ഞിട്ട്., ആങ്ങളമാരും പറഞ്ഞു,
ഇതാണ് ഞങ്ങളുടെ മതസ്നേഹം...!
പാതിരാത്രി ഒറ്റക്ക് നടന്ന പെൺകുട്ടിയെ പിടിച്ചു പോലീസ് സ്‌റ്റേഷനിൽ കൊണ്ട് പോയിട്ടു., പോലീസുകാരും പറഞ്ഞു.,
ഇതാണ് ഞങ്ങൾ പാലിച്ച ജനസുരക്ഷ...!
അവസാനം., ദേശസ്നേഹവും, മതസ്നേഹവും, സുരക്ഷയും എല്ലാം കൂടിവച്ചു തീയിലിട്ടു കത്തിച്ചിട്ടു അവനും ഉറക്കെ പറഞ്ഞു.,
ഞാൻ മനുഷ്യനാണ്. എനിക്കു കുറച്ചു മനുഷ്യസ്നേഹം തരൂ..!

Friday, November 17, 2017

ഗര്‍ഭം..!!

പ്രകൃതി പകര്‍ന്നു നല്‍കുന്ന നിസ്വാര്‍ഥതയാണ് 'ഗര്‍ഭം'..!
അതിനോളം ഭംഗിയുള്ള അത്ഭുതം വേറെയില്ല ..!!
നിനക്ക് വേണ്ടി ഞാന്‍ രണ്ടായി ..!!
നിനക്ക് വേണ്ടി ഞാന്‍ ശ്വസിച്ചു ..!!
നിനക്ക് വേണ്ടി ഞാന്‍ ഭക്ഷിച്ചു ..!!
നിനക്ക് വേണ്ടി സ്നേഹമുലകള്‍ പാല്‍ ചുരത്തി ..!!
ദൈവത്തിന്റെ കസേരയില്‍ അവളിരുന്നു ..!!
ദൈവം അവളെ ഇങ്ങനെ സംബോധന ചെയ്തു ...
"അമ്മ"
വര്‍ത്തമാന കാലത്തില്‍ 'പ്രസവം' കുരിശു കണ്ട സാത്താനെ പോലെ കാണുന്ന നവ വിപ്ലവ കൊച്ചമ്മമാരോടും,ഗര്‍ഭിണിയുടെ ഉദരത്തില്‍ ശൂലം കയറ്റുന്ന മത രാക്ഷ്ട്രീയ തെമ്മാടികളോടും പറയുവാന്‍ ഒന്നേയുള്ളൂ ..
പ്രപഞ്ച സൃഷ്ടിയുടെ ആദിമ വേദനയെ/സ്നേഹത്തെ നിങ്ങള്‍ തെരുവുകളില്‍ ചവിട്ടിയരക്കരുത് ...!!!

Tuesday, October 10, 2017

ഗംഗോത്രി..

യാത്ര പോകണം കുടജാദ്രി
മുതൽ ഗാംഗോത്രി വരെ നീളണം
കൂട്ടിനു നിന്നെ പോലൊരുവൾ വേണം
നിന്നെ പോലൊരുവൾ വേണ്ട നീ മതി.
വളയം പിടിക്കാനും, മത്ത് പിടിപ്പിക്കാനും
കഴിയുന്ന പെണ്ണ് അത് നീ തന്നെ.
ശരാവതിയിൽ നീ ഈറനഴിച്ചു കയറും
വരെ കണ്ണടച്ച് കാവൽ നിൽക്കാം
പെണ്ണേ, ഹംപിയിലേക്ക് പോകാം
അവശിഷ്ട നഗരിയും കണ്ട്,
അജന്തയിലും എല്ലോറയിലും ചെല്ലാം,
എങ്ങും വരകളും, ചിത്രങ്ങളും.
സ്മൃതിഭ്രംശം ഭാവിച്ചിരുന്നില്ലേൽ
തിരിച്ചറിയുമായിരുന്നു നമ്മുടെയും
ഗുഹാ സൃഷ്ടികളേ, നേരമിരിട്ടി
ഇന്നത്തെ ഉറക്കമിവിടെ തന്നെ
മുമ്പത്തെ പോലെയെന്നാൽ
പുണർന്നല്ലതാനും
നമുക്ക് ഈ ഭൂമിയിൽ വട്ടം
വരയ്ക്കാം, കിഴക്കോട്ടു നീങ്ങാം..
അരുണോദയന്റെ നാട്ടിൽ, പുരിയുടെ
തീരങ്ങളിൽ നനഞ്ഞു ചേരാം..
അസ്തമയ സൂര്യനെ കണ്ടു മയങ്ങാം.
എഴുന്നേൽക്കാം, സിദ്ധാർത്ഥനരികി
ലേക്ക് പോകാം ബോധിയുടെ താഴെ
നീയും ചെന്നിരുന്നു കൊൾക മുജ്ജ്ന്മ
മുഖമേതെങ്കിലും ചിന്തയിൽ വന്നെങ്കിലോ
ത്രിവേണിയെത്തി ഹിമപുത്രിമാലിന്യവാഹി- യായി
കളങ്കിതിയാവുന്നതിവിടല്ലോ ഇന്നിനി ഈ
ക്ഷേത്രത്തിൽ നീ കഴിയെ ഞാനൊന്ന്
ചുറ്റിക്കറങ്ങി പുലരുമ്പോളെത്താം
ആഘോരിയുടെ നഗരം, ചുടല സംഗമ നാഥന്റെയിടം,
ചിലം നിറച്ചു തന്നതിന് നന്ദി.
ഈ നിശയിൽ ചെമ്പഴുക്ക നിറമാർന്നൊരെൻ
കരളിനെ കറുപ്പിച്ചെടുക്കണം.
പുകചുരുളുകളാലെൻ തലച്ചോറ് കനക്കട്ടെ,
ഓർമയിൽ നീ മാത്രം തങ്ങീടട്ടെ,
ഓർമയിൽ നീ മാത്രം....


By - അനൂപ് കണ്ണാടി 

Saturday, September 16, 2017

കുഞ്ഞേ ക്ഷമിക്കുക... !!

ലുക്കീമിയ ചികിത്സ തേടി വന്ന കുട്ടിക്ക് എയിഡ്സ് പ്രദാനം ചെയ്ത എല്ലാവര്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും നിന്റെയൊക്കെ മുഖത്തേക്ക് കാറി തുപ്പുന്ന അഭിവാദ്യങ്ങള്‍ ..!!
കുഞ്ഞേ ക്ഷമിക്കുക ...!
ലോകത്ത് കറുത്ത മനസ്സുമായി ഉത്തരവാദിത്വം മറന്നു മറ്റുള്ളവരുടെ ജീവിതത്തില്‍ കരി നിഴല്‍ വീഴ്ത്തുന്ന ചില കറുത്ത മനസ്സുള്ള മനുഷ്യ മൃഗങ്ങളുണ്ട്. അവര്‍ സൃഷ്ടിക്കുന്ന കറുത്ത ഭൂമിയിലെ ഇരയായി നിന്നെയും വാര്‍ത്തകളില്‍ നിറയ്ക്കും... 
ആ കുഞ്ഞു മനസ്സിന്റെയും കുടുംബത്തിന്റെയും വേദന മനസ്സിലാക്കുവാന്‍ നന്നായി കഴിയുന്നുണ്ട് .ഈ ക്രൂരത കാണിച്ചവരെ ഇരുട്ടില്‍ അടക്കുന്ന കാലത്തിനു മാത്രമേ ഭാവിയെ രക്ഷിക്കുവാന്‍ കഴിയൂ ...!!
'ജീവന്‍' ഭിക്ഷ തേടി വന്ന കുരുന്നിന് മരണ യാത്ര പ്രദാനം ചെയ്ത എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ നടു വിരല്‍ നമസ്കാരം...!!

Friday, September 8, 2017

ചിന്തകള്‍ മരിക്കുന്നില്ല ..!!

കൊല്ലപ്പെട്ട അഭിപ്രായ സ്വാതന്ത്ര്യം ....!!!
ഹേ,മരണമേ.. ഹൃദയം വെടിയുണ്ടകളാല്‍ തുളച്ചതു കൊണ്ട് ഒന്നും നിലയ്ക്കുന്നില്ല ..!!
അവര്‍ ഹൃദയത്തില്‍ സൂക്ഷിച്ച കനല്‍ ഒരുപാട് ഹൃദയങ്ങളില്‍ പകര്‍ന്നു കൊണ്ട് ചുട്ടു പൊള്ളുന്ന തീയായി നമുക്കരികില്‍ കൂട്ടിരിക്കുന്നു ..!!
ഒരു പാട് നാവുകള്‍ ആ ധീരയുടെ മരണത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു ..!!
ചരിത്രം അവസാനിക്കുകയല്ല തുടങ്ങിയതേയുള്ളൂ എന്ന് ഓര്‍മിപ്പിക്കുന്ന ചില മരണങ്ങള്‍..!!
ചിന്തകള്‍ മരിക്കുന്നില്ല ..!! മരണം അന്ത്യമല്ല ...!!
ഗൌരിക്ക് വേണ്ടി എഴുതിയത് ..
മത ഭ്രാന്ത പട്ടികള്‍ കുരച്ചാല്‍ സൂര്യന്‍ അസ്തമിക്കില്ല ..!!

Monday, September 4, 2017

ഓണം 2017

പരാജിതന്റെ നന്മയുള്ള ഓര്‍മയാണ് 'ഓണാഘോഷം'.
ആയുധവും,ആള്‍ബലവും, ചതിയും, മതഭ്രാന്തും പരത്തി എതിരാളികളെയും അല്ലാത്തവരെയും കൊന്നൊടുക്കുന്ന രാക്ഷ്ട്രീയ ഇറച്ചി വെട്ടുകാര്‍ ഒന്നോര്‍ക്കുക ..
അസുരനെ വധിച്ച ദേവന്റെ വീര കഥയല്ല ...!!!
ചതിയിലൂടെ തന്നെ കൊല്ലാന്‍ വന്ന എതിരാളിയുടെ മുന്‍പില്‍ താഴ്ന്നു കൊടുത്ത മഹാബലിയുടെ ഓര്‍മയാണ് ഒരു ജനത നെഞ്ചിലേറ്റി ആഘോഷിക്കുന്നത് .

താഴ്ന്നു കൊടുക്കുന്നതും ആഘോഷിക്കപ്പെടുമെന്നു നമ്മള്‍ ഓര്‍ക്കണം ..!!!
മനുഷ്യനും പ്രകൃതിയും ചേരുന്നതാണ് ശരിയായ ഉത്സവം..!!
എല്ലാ ഐതീഹ്യങ്ങൾക്കും അപ്പുറം, ഓണം കർഷകനുമായി ഏറെ അടുത്തു നിൽക്കുന്ന ഒരു ഉത്സവമായതിനാൽ, അതിന് പ്രകൃതിയുമായുള്ള ബന്ധം വളരെ തീക്ഷണമാണ്.
കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകാതിരിക്കട്ടെ ..!!
ആദരിക്കപെടട്ടെ ഓരോ കര്‍ഷകനും ..!!
നാടിന്റെ തനിമയും സംസ്കാരവും വിദേശ നാടുകളില്‍ വരെ പിന്തുടരുന്ന പ്രവാസി മലയാളികളുടെ ആഘോഷങ്ങളും മലയാളികള്‍ക്ക് സന്തോഷം നല്‍കുന്നതാണ് ..!!
എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ..!!!!
എല്ലാവര്‍ക്കും നല്ലത് വരട്ടെ ..!!
വായുവും വെള്ളവും പോലെ സ്നേഹവും സുലഭമാകട്ടെ...!!

Tuesday, August 15, 2017

വന്ദേമാതരം..!!

 വർഷങ്ങൾക്കും വർഷാന്തരങ്ങൾക്കുമപ്പുറം കുറെയേറെ മനുഷ്യ ജീവിതങ്ങളുണ്ടായിരുന്നു ഇന്ത്യൻ മണ്ണിൽ. .
ഇന്ന് ഇങ്ങനെയൊക്കെ ഇന്ത്യൻ ജനതക്ക് ആഘോഷിച്ചാറാടാനും പരസ്പരം പോരടിച്ചുമരിക്കാനുമുള്ള സ്വാതന്ത്ര്യം വാങ്ങിക്കൊടുത്ത കുറെയേറെ മനുഷ്യർ. .
അവരനുഭവിച്ച കൊടിയ വേദനകളും ക്രൂരതകളുംപീഡന പരമ്പരകളും. .
അവരും മുറിവേറ്റാൽ ചോരവാർക്കുന്ന മർദ്ദനമുറകളിൽ വേദനകൊണ്ടു പുളയുന്ന സാധാരണ മനുഷ്യജന്മങ്ങൾ തന്നെയായിരുന്നു. ..
പക്ഷേ അവരനുഭവിച്ച വേദനകൾക്കും ദുരിതപീഢകൾക്കും ഇന്നെവിടെ സ്ഥാനം. ?
അതൊക്കെ ഒരുനിമിഷമൊന്നോർക്കാൻ സ്വന്തം രാജ്യത്തോടുണ്ടായിരുന്ന ആത്മാർത്ഥതയുടേയും. . ജാതി മതഭേദമെന്യേ ആ മനസുകളിലുണ്ടായിരുന്ന സാഹോദര്യസ്നേഹത്തിൻറേയും വിലയെന്തെന്നറിയാൻ ഇന്ന് ആർക്ക് എവിടെ സമയം ?
ശരീരത്തിന്റെ ഓരോ ഇഞ്ചും അടിച്ചു ചതച്ച് ദണ്ഡനമുറകളുടേയും ആഴമേറിയ മുറിവുകളുടേയും അകമ്പടിയിൽ പച്ചജീവനോടെ കുരുതികൊടുക്കപ്പെട്ട എത്രയെത്രയോ ആയിരങ്ങൾ പതിനായിരങ്ങൾ. ..
ഓരോ നിമിഷവും എല്ലുതകരുന്ന പ്രാണവേദന സഹിക്കുമ്പോഴും അവരുടെ മനസ്സുകളെ സ്വന്തം സ്വപ്നങ്ങളും മോഹങ്ങളും സ്വാർത്ഥലാഭങ്ങളും പ്രലോഭിപ്പിച്ചില്ല. .
ഇന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. . എന്തിനായിരുന്നു അതൊക്കെ. . ?
ആർക്കുവേണ്ടിയായിരുന്നു നമുക്കു വേണ്ടിയോ? 

പണത്തിനും അധികാരത്തിനും ജീവിതസുഖഭോഗങ്ങൾക്കുമായി പരസ്പരം കൊല്ലാനും ചാകാനും ചതിക്കാനും മിടുക്കുകാട്ടുന്ന ഇന്നിൻറ്റെ സമൂഹത്തിനുവേണ്ടിയോ?
അന്ന് ആ മനുഷ്യർ നമുക്കു വേണ്ടി സഹിച്ച കൊടിയ ദുരിതപീഢകളും കടുത്ത ഏകാന്തവാസവും എല്ലാം മറന്നു ഇന്ന് ഈ മണ്ണിൽ കൊടികുത്തി വാഴുന്ന ക്രൂരമനുഷ്യജന്മങ്ങളെ അവരുടെ ആത്മാവുകൾ ശപിക്കാതിരിക്കട്ടെ !

ഇന്നിൻറ്റെ മനുഷ്യരിലെ കൊടുംചതിയും വഞ്ചനയും ക്രൂരതയും കാൺകെ ആ ആത്മാവുകൾ പിടയാതിരിക്കട്ടെ !!
ഇന്ത്യൻ മനുഷ്യകുലത്തിന് ആ രക്തസാക്ഷികളുടെ ആത്മാക്കൾ മാപ്പു തരട്ടെ !!!
വന്ദേമാതരം ..!!

Monday, July 31, 2017

കടക്കൂ പുറത്ത്..!

അഹങ്കാരത്തിന്റെ ചെരുപ്പിനടിയില്‍ ചതഞ്ഞരഞ്ഞു പോയൊരു പാവം പുല്‍ക്കൊടിയെ രണ്ടു ദിവസം മുന്‍പ്കണ്ടു ...!!
" ചിത്ര "
നിങ്ങളൊക്കെ മറന്നു കാണുമോ എന്നറിയില്ല ,കാരണം ഞാനുള്‍പ്പെടുന്ന ഈ സമൂഹത്തിന്റെ 'മറവി' ആണല്ലോ അനീതിയെ തീറ്റി പോറ്റുന്നത്..!!.
പക്ഷേ നിസ്സഹായത നിറഞ്ഞ ചിത്രയുടെ മുഖം വേദനയോടെ അല്ലാതെ കാണുവാന്‍ ഹൃദയം ഉള്ളവര്‍ക്ക് കഴിയില്ല ...!!
ഒരു കാര്യം ഉറപ്പ്,ഹൃദയ ശൂന്യരുടെ ലോകത്ത്ആ പാവം പൂവിനു വേണ്ടി ഒരു വരിയെങ്കിലും എഴുതിയെങ്കില്‍ അവന്‍ തന്നെയാണ് കവി ..!!
ഹൃദയ ശൂന്യരായ കായിക മേലാള അഹങ്കാരികളോട് എനിക്ക് പറയുവാന്‍ ഒന്നേയുള്ളൂ..
"കടക്കൂ പുറത്ത് ...!!!"

Tuesday, July 18, 2017

രാമായണ മാസം..


രാമനില്ലാതെ സീതയില്ല...!!!
സീതയില്ലാതെ രാമനും....!!!
രാമസീതമാരില്ലാതെ രാമായണവുമില്ല...!!!

ഈ കർക്കടക മാസത്തിൽ എല്ലാവർക്കും ഐശ്വര്യവും സമ്പദ്സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..!!

Sunday, July 9, 2017

പര്‍ദയിട്ട വിപ്ലവകാരി..!!

ഇടക്കിടക്ക് പൊങ്ങി വരുന്ന ഒരു വിവാദമാണ് ഈ പര്‍ദ്ദ വിവാദം..
പര്‍ദയിട്ട വിപ്ലവകാരി..!!!!!
പള്ളീലച്ചന്‍ ളോഹ ധരിക്കുന്നു..!
ഇടയന്മാര്‍ കുരിശു മാല ധരിക്കുന്നു..!
കന്യാസ്ത്രീകള്‍ ഏകദേശം പര്‍ദയുടെ സമാനമായ വസ്ത്രം ധരിക്കുന്നു...!!
ഹിന്ദു സന്യാസിമാര്‍ കാവി വസ്ത്രം ധരിക്കുന്നു..!
അയ്യപ്പ ഭക്തര്‍ കറുത്ത വസ്ത്രം ധരിക്കുന്നു...!!
ഇതൊക്കെ വര്‍ഗീയതയുടെ ചിഹ്നം ആണോ ...???
യുക്തിവാദികള്‍ ചിഹ്നങ്ങള്‍ ഉപേക്ഷിച്ചു നിരീശ്വരവാദ തത്വ സംഹിതയില്‍ വിശ്വസിച്ചു ജീവിക്കുന്നത് പോലെ എല്ലാവര്‍ക്കും അവരുടെ മതം അനുശാസിക്കുന്ന രീതിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഇല്ലേ..???
ചേരി തിരിഞ്ഞു പര്‍ദ്ദയുടെ പേരില്‍ കടി പിടി കൂടുന്നവരെ കാണുമ്പോള്‍ പുച്ഛം തോന്നുന്നു .
ഓരോ സമുദായത്തിനും മതത്തിനും അവരുടെതാ‍യ അടയാളങ്ങള്‍ ഉണ്ട്. അതിനാണ് നമ്മള്‍ നാനാത്വത്തില്‍ ഏകത്വം എന്നൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുന്നത്. ആ ഐഡന്റിറ്റിയെ അംഗീകരികുമ്പോഴാണ് സത്യത്തില്‍ സമൂഹത്തില്‍ സഹിഷ്ണുതയും സൌഹാര്‍ദ്ദവും വിടരുന്നത്. അല്ലാത്തത് വര്‍ഗീയതയും വിദ്വേഷവുമാണ്.
എന്തായാലും കാവിയും ,ളോഹയും ,പര്‍ദ്ദയും ഒക്കെ ധരിച്ചു കൊണ്ട് തന്നെ രാഷ്ട്രീയത്തില്‍ ഇടപെടട്ടെ ,പക്ഷെ നമുക്കു ഹിന്ദു രാഷ്ട്രീയവും ,കൃസ്ത്യന്‍ രാഷ്ട്രീയവും ,ഇസ്ലാം രാഷ്ട്രീയവും വേണ്ട ...!!
മതേതരത്തില്‍ അതിഷ്ടിതമായ ജനാധിപത്യ രാഷ്ട്രീയം മതി ..!!!
എല്ലാ സുഹൃത്തുക്കള്‍ക്കും വര്‍ഗീയതയുടെ ഇരുള്‍ വീഴാത്ത ശുഭദിനങ്ങള്‍ നേരുന്നു..

Sunday, July 2, 2017

ഒരു രാജ്യം.. ഒരു നികുതി.. !!!

"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് "
എന്ന് പണ്ട് ശ്രീ നാരായണ ഗുരു പറഞ്ഞത് പോലെ... എല്ലാം ഒന്നു പോലെ...!!!
പക്ഷെ ഗുരുദേവന്റെ ചില പിന്തുടർച്ചക്കാർ ആ വാചകത്തെ
'ഈഴവ ജാതി, ഈഴവ മതം, ഈഴവ ദൈവം മനുഷ്യന് '
എന്ന തിരുത്തലിൽ വ്യാഘ്യനിക്കുകയും ചെയ്യപ്പെട്ടിട്ടുണ്ട്.
എന്തെരോ എന്തോ.. പറഞ്ഞു വന്നത് രാജ്യം നടപ്പിലാക്കിയ ഒറ്റ നികുതി നയത്തിനെ പൗരൻ എന്ന നിലയിൽ ഞാൻ സ്വാഗതം ചെയ്യുന്നു.
ഈ നയത്തിന്റെ നേട്ടങ്ങളെ കുറിച്ചും കോട്ടങ്ങളെ കുറിച്ചുമൊന്നും സാമ്പത്തിക ശാസ്ത്രത്തിൽ അറിവ് ഇല്ലാത്തതിനാൽ വലിയ പിടിയില്ല.
ഒരു നയം കൂടി വരണം..
ഒരു രാജ്യം.. ഒരു മതം... !!!
അത് ' സ്നേഹ മതം' മതി... !!!
സാമ്പത്തികമായി രാജ്യം ഉയരുമ്പോഴും വർഗ്ഗീയ കൊലപാതക വാർത്തകൾ പത്ര കോളങ്ങളിൽ നിറയുന്നത് തടയാൻ ചിലപ്പോ ഈ സ്നേഹ മതത്തിനു കഴിഞ്ഞേക്കും.
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ജി എസ് ടി ആശംസകൾ.. !!!

Wednesday, June 28, 2017

നഗ്നന്‍ ..!!

സമൂഹത്തില്‍ ആരാധ്യനായി കരുതപ്പെട്ടിരുന്ന വ്യക്തി ഒരു നാള്‍ നഗ്നനായി ഒരു വേശ്യക്കൊപ്പം പിടിക്കപ്പെടുംബോള്‍....!!!!!
നഗ്നരായി ഇങ്ങനെ പിടിക്കപ്പെടുന്നവരെ കൊണ്ട് നടക്കാന്‍ വയ്യാതെ ആയിരിക്കുന്നു ...
വിപ്ലവ മതേതരവാദിയുടെ കുപ്പായം അണിഞ്ഞ വര്‍ഗീയ നഗ്നന്‍ ..!!
വെള്ളിത്തിരയിലെ നന്മയുള്ള നായക വേഷം ധരിച്ച ഗുണ്ടാത്തലവനായ നഗ്നന്‍ ..!!!
മുഖ പുസ്തകത്തില്‍ നല്ലവന്‍ ചമഞ്ഞു ഒരു സമൂഹത്തിനെ തന്നെ വഞ്ചിക്കുന്ന ഉടായിപ്പ് നഗ്നന്‍ ..!!
സനാതന ധര്‍മം വിളമ്പി ഗോ മാതാവിന്റെ പേരില്‍ മനുഷ്യ മാതാവിന്റെ കണ്ണുനീര്‍ വീഴ്ത്തുന്ന ഒരു കൂട്ടം ധര്‍മം അറിയാത്ത മൃഗതുല്യരായ മത ഭ്രാന്ത നഗ്നര്‍ ..!!
ആഹാരനിദ്രാഭയമൈഥുനം ച
സാമാന്യമേതത്പശുഭിർനരാണാം
ധർമോ ഹി തേഷാമധികോ വിശേഷോ
ധർമേണ ഹീനാഃ പശുഭിസ്സമാനാഃ
ഭക്ഷണം, ഉറക്കം, ഭയം, ഇണചേരൽ എന്നിവ മനുഷ്യർക്കും മൃഗങ്ങൾക്കും ഉള്ള പൊതുസ്വഭാവമാണ്. ധർമാനുഷ്ഠാനം ഒന്നു മാത്രമേ മൃഗങ്ങളിൽനിന്ന് മനുഷ്യരെ വേർതിരിക്കുന്ന ഗുണം.
ധർമഹീനർ മൃഗതുല്യർതന്നെ....!!!
സാധാരണ മനുഷ്യർ മാത്രമല്ല ഭരണാധികാരികളും ധർമനിഷ്ഠരായിരിക്കണം...
ഇതൊക്കെ ആരോട് പറയാന്‍ .. ആര് കേള്‍ക്കാന്‍ ...!!!
എന്തായാലും ഒരു നാള്‍ നഗ്നന്‍ ആയി പിടിക്കപ്പെടും ഏതു പകല്‍ മാന്യന്മാരും, പകല്‍മാന്യ ആദര്‍ശങ്ങളും .
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു :

Sunday, April 16, 2017

ഈസ്റ്റര്‍ ആശംസകള്‍..!!

"അധ്വാനിക്കുന്നവരെ ,കനത്ത ഭാരം ചുമക്കുന്നവരെ,നിങ്ങള്‍ ഏവരും എന്റെ അടുക്കല്‍ വരിക" (മത്തായി 11:28)
ആര്‍ക്കു വേണ്ടിയാണ് അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുവാന്‍ താന്‍ ശ്രമിക്കുന്നതെന്ന് യേശു ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്..!!
കഷ്ടപ്പെടുന്നവര്‍ക്ക് സ്വര്‍ഗരാജ്യം മാത്രമല്ല നീതിയും തുല്യതയും ഇഹലോക വാസത്തില്‍ നേടിക്കൊടുക്കുവാനുള്ള പോരാട്ടമാണ് യേശുവിന്റെ കുരിശു മരണത്തിലേക്ക് നയിച്ചത്...
യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രത്യാശയുടെ സന്ദേശമാണ് .ദരിദ്രര്‍ക്ക് വേണ്ടിയും മര്‍ദ്ദിതര്‍ക്ക് വേണ്ടിയും ഇനിയും ന്യായപക്ഷ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വരട്ടെ...
എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍..!!

Friday, April 14, 2017

പാപികളുടെ ലോകം..!!

സത്യം പറയുന്നവരെയും ,അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരെയും ജയിലറയില്‍ പൂട്ടുകയും തീവ്രവാദിയെന്നും,വിപ്ലവകാരിയെന്നും മുദ്ര കുത്തി കഴുവേറ്റുകയോ ,വെടി വച്ചു കൊല്ലുകയോ ചെയ്യുന്നത് ഇന്നത്തെ സമൂഹത്തില്‍ സാധാരണമാണ്...
അതെ ,കുരിശു മരണങ്ങള്‍ ഈ കാലത്തിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു... കുരിശിനു മാറ്റം വന്നു എന്ന കാര്യത്തില്‍ ആശ്വസിക്കാം ..!
പാപികളുടെ ലോകം ...!
നല്ലവരെ സൃഷ്ടിക്കുവാന്‍ കാത്തിരിക്കുന്ന ദൈവം ..!

അപൂര്‍ണ്ണമായ ഈ പാപ സൃഷ്ടികള്‍ ലോകാവസാനം വരെ തുടരാതെ സൃഷ്ടാവായ പ്രഭോ സൃഷ്ടി നിര്‍ത്തി അവിടുത്തേക്ക്‌ വിശ്രമിച്ചു കൂടെ...!!!
തെറ്റുകള്‍ മുഴുവന്‍ യേശുവിനു സമര്‍പ്പിക്കുന്നത് അനീതിയാണ്. ഒരിക്കല്‍ കുരിശിച്ച യേശുവില്‍ മാനവിക പാപങ്ങള്‍ വീണ്ടുംവീണ്ടും എന്തിനു ചുമപ്പിക്കണം..??
പക്ഷെ, മുകളില്‍ കൊല്ലപ്പെട്ട ആരും ഉയര്‍ത്തു എഴുന്നേറ്റിട്ടില്ല, പക്ഷെ യേശു മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു.. ആ ഒരു കാരണം മാത്രം മതി എനിക്ക് സത്യത്തില്‍ വിശ്വസിക്കുവാന്‍..!
പാപികള്‍ക്ക് വേണ്ടി കുരിശു മരണം വരിച്ച അങ്ങേക്ക് എന്റെ പ്രണാമം ..!
“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32

Tuesday, March 28, 2017

അദൃശ്യന്‍...!!!

ഈ മറഡോണയും മെസ്സിയുമൊക്കെ ഗോള്‍ അടിക്കുമ്പോള്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു മുഖമുണ്ട്...
അവര്‍ക്ക് പന്ത് പാസ്സ് കൊടുത്തവന്‍...!!
അവന്റെ കളി എന്നും മറയത്താണ്...!!

അത് പോലെ ഓരോ മനുഷ്യരുടെയും ജയത്തിനും തോല്‍വിക്കുമൊക്കെ പിറകില്‍ ആരും അറിയാത്ത അദൃശ്യമായ ഒരു മുഖം കാണും...
അതിപ്പോ രാക്ഷ്ട്രീയ ജീവിതം ആയാലും, കലാ കായിക ജീവിതം ആയാലും, സാധാരണ ജീവിതം ആയാലും നമുക്കൊക്കെ പാസ്സ് തന്ന ഒരു അദൃശ്യ കളിക്കാരന്‍ നമുക്കൊക്കെ പിറകില്‍ ഉണ്ട്...

അച്ഛനായി, അമ്മയായി, മകനായി, സുഹൃത്തായി, ശത്രുവായി, പ്രണയമായി അങ്ങനെ പല രൂപങ്ങളില്‍..!

Monday, February 6, 2017

ജീവ നാമ്പ് ..!!

തറയിലെ കോണ്‍ക്രീറ്റ് പാളിയുടെ വിള്ളലില്‍ നിന്നും സൂര്യനെ നോക്കി തല പൊക്കി നില്‍ക്കുന്ന ഒരു കുഞ്ഞു ചെടി എന്നോടൊരു കഥ പറഞ്ഞു..

" പാളികള്‍ക്കിടയില്‍ മഴക്കുളിരും ,മഞ്ഞിന്‍ തണുപ്പും ,സൂര്യ പ്രകാശവും ഏല്‍ക്കാതെ ആയിരക്കണക്കിന് വിത്തുകള്‍ ഗര്‍ഭചിദ്രം ചെയ്യപ്പെട്ട ഒരു കൊടും പാപ കഥ.."

Thursday, February 2, 2017

അഗ്നിയില്‍ എരിയുന്ന പ്രണയം..!!

അഗ്നിയിൽ പെട്ട് അവളുടെ സ്വപ്നങ്ങളെല്ലാം വെന്തു മരിച്ചു പോകുമെന്നു ഭയന്നായിരുന്നു അവൾ അഗ്നിയെ സ്നേഹിക്കാതിരുന്നത്....!!
എന്നിട്ടും നീ അവളെയും അവളുടെ സ്വപ്നങ്ങളെയും ചേര്‍ത്ത് നീ അഗ്നിയില്‍ എരിച്ചു...!! കാരണമായി പ്രണയമെന്ന മൂന്നക്ഷരം നീ കുറിച്ചു...!!!
നിന്റെ ക്രൂര പ്രണയത്തിനു ഇരയാകുവാന്‍ അവളെന്തു പിഴച്ചു ..???
" ഏവരെയും സ്നേഹിക്കുക , കുറച്ചു പേരെ വിശ്വസിക്കുക ,ആരെയും ദ്രോഹിക്കാതിരിക്കുക ..."
എന്ന ഷേക്സ്പിയര്‍ വചനത്തിനു താഴെ ലൈബ്രറിയില്‍, പ്രണയാഭ്യര്‍ത്ഥന നിരസിച്ച കാരണം പറഞ്ഞു ലക്ഷ്മി എന്ന വിദ്യാര്‍ഥിനിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്ന വാര്‍ത്ത ഹൃദയഭേതകം തന്നെയാണ് ..
പ്രണയം നിരസിച്ച പക ഇനിയെങ്കിലും തീ ആയും , കത്തി ആയും , ആസിഡ് ആയും മാറാതിരിക്കട്ടെ....
പകയില്‍ കത്തിയമരുന്ന സ്വപ്നങ്ങളുണ്ട്...!!
സ്നേഹം പിടിച്ചു വാങ്ങുന്നതല്ല... ഓര്‍മയിരിക്കട്ടെ...!!!