Tuesday, November 8, 2016

വഴിക്കണ്ണുമായ്.. നിന്നെയും കാത്ത്..!!

കനകസിംഹാസനത്തില്‍ കയറി ഇരിക്കുന്നവന്‍ ശുനകനോ അതോ ശുംഭനോ...?????
പും എന്ന് പേരായ നരകത്തില്‍നിന്നും നിന്നും പിതാവിനെ രക്ഷിക്കുന്നവനാണ് പുത്രന്‍, പക്ഷേ ഈച്ചരവാര്യര്‍ എന്ന ഈ പിതാവിന്റെ നിയോഗം മറ്റൊന്നായിരുന്നു. ഈ ലോകം വിധിച്ച നരകത്തില്‍ നിന്നും തന്റെ പുത്രനെ രക്ഷിക്കുക. പക്ഷേ കാലം ഈ പിതാവിന് കരുതിവെച്ചത് മറ്റൊന്നായിരുന്നു. അതുകൊണ്ട് തന്നെ നാം അടിയന്തരാവസ്ഥ എന്നു കേള്‍ക്കുമ്പോള്‍ നിസഹായനായ ഈ അച്ഛനെ ഓര്‍ക്കും.മുഖവുര ആവശ്യമില്ല അടിയന്തരാവസ്ഥയ്ക്കിടെ ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് ക്രൂരമായി കൊലചെയ്യപ്പെട്ട രാജന്‍ വാര്യരുടെ ഈച്ചര വാര്യര്‍എന്ന അച്ചന്. ഈ അച്ഛന്റെ പോരാട്ടം മകനെ വീണ്ടെടുക്കാനായിരുന്നില്ല. തന്റെ മകന് എന്ത് സംഭവിച്ചു എന്നറിയാനായിരുന്നു.

മകനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അച്ഛന്‍ അക്ഷരമാക്കിയപ്പോള്‍ അതിന് കേരള സാഹിത്യ അവാര്‍ഡ് ലഭിച്ചു.
''എന്റെ വഴി അവസാനിക്കുകയാണ്. കര്‍ക്കിടകത്തില്‍ ഇരമ്പിപ്പെയ്തു വീണ ഒരു മഴയുടെ തോര്‍ച്ച വളരെ അടുത്താണ്. ഈ മഴ എനിക്കുവേണ്ടി പലരും കൂടെ നനഞ്ഞു എന്നതാണ് എന്റെ സാഫല്യം. എന്നും ഞാനിത് ഒരു അനശ്വര നിര്‍മാല്യം പോലെ ചേര്‍ത്തു പിടിക്കുന്നു."
രാജന്‍ നന്നായി പാടുമായിരുന്നു. അവന്‍ അവന്റെ അമ്മ പറയുമ്പോഴേ പാടുമായിരുന്നുള്ളൂ എന്ന് ഞാനെഴുതിയപ്പോള്‍ എന്റെ പെണ്‍കുട്ടികള്‍ പിണങ്ങി.രാജന്‍ അവര്‍ക്കുവേണ്ടിയും പാടിയിരുന്നുവത്രെ. എനിക്കുവേണ്ടി മാത്രം അവന്‍ പാടിയില്ല. അവന്റെ പാട്ടു കേള്‍ക്കാന്‍ എനിക്ക് സമയമുണ്ടായില്ല. അതുകൊണ്ട് മോശമായി റെക്കോര്‍ഡു ചെയ്യപ്പെട്ട തന്റെ പാട്ടുകള്‍ മരണം വരെ അച്ഛന്‍ കേട്ടിരിക്കണമെന്ന് അവന്‍ നിശ്ചയിച്ചു കാണണം.
ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈ കര്‍ക്കിടകത്തില്‍ മഴ തകര്‍ത്തു പെയ്യുന്നു. പെരുമഴ ശ്രീവിഹാറിനു മുകളില്‍ പെയ്തു വീഴുമ്പോഴൊക്കെ ഞാന്‍ മോനെ ഓര്‍ക്കുന്നു.
പടിവാതില്‍ അടച്ചുപൂട്ടിയാലും ആരോ വന്ന് അതു തുറന്ന് പൂമുഖപ്പടിയില്‍ മുട്ടുന്നതുപോലെ ആത്മാവിന് പൂര്‍വജന്മബന്ധങ്ങളില്ല എന്നെഴുതുന്നത് ശരിയാവില്ല.
മഴ പൊഴിക്കുന്ന ഈ രാത്രിയില്‍ ഞാന്‍ അവന്റെ കാസറ്റിലാക്കിയ പാട്ടു വയ്ക്കുന്നു. മൂളുന്ന ടേപ്റെക്കോര്‍ഡിനൊപ്പം കളഞ്ഞുപോയ ഒരു ശബ്ദവീചിയെ.ഞാന്‍ തൊട്ടെടുക്കാന്‍ ശ്രമിക്കുകയാണ്. പരുക്കനായ ഒരച്ഛനായതുകൊണ്ടുമാത്രം ഞാന്‍ കേള്‍ക്കാതെ പോയ പാട്ടുകള്‍കൊണ്ട് എന്റെ ഭൂമി നിറയുകയാണ്.പുറത്ത് മഴ നനഞ്ഞ് എന്റെ മകന്‍ നില്‍ക്കുന്നു.....
പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?
ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ' (ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

നീതി നിഷേധിക്കപ്പെട്ട ഒരു മനുഷ്യനെക്കുറിച്ച് പറയുമ്പോൾ നമുക്കിനി ഈച്ചരവാര്യരെ ഓർമിക്കാം. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ആരെയും കൂസാതെ തകർന്നും തളർന്നും നില്ക്കാതെയും ഒറ്റയ്ക്ക് യുദ്ധം നടത്തിയവരെക്കുറിച്ച് പരാമർശിക്കുമ്പോഴും നമുക്കീ അച്ഛനെ ഓർമിക്കാം. മടങ്ങിവരുകയോ എന്തുസംഭവിച്ചുവെന്ന് വിവരം കിട്ടാതെ വരികയോ ചെയ്യുന്ന മക്കളെ കാത്തിരിക്കുന്ന അച്ഛന്മമാർക്കിടയിലും നമുക്കിദ്ദേഹത്തെ പ്രതിഷ്ഠിക്കാം.

നജീബിന്റെ ഉമ്മയുടെ നിലവിളിക്ക്‌ മുന്‍പില്‍ ഈച്ചരവാര്യരെ സ്മരിക്കുന്നു ...ഇനി ഒരു രാജന്‍ ആവര്‍ത്തിക്കാതിരിക്കട്ടെ ...!!

No comments:

Post a Comment