Tuesday, November 8, 2016

വഴിക്കണ്ണുമായ്.. നിന്നെയും കാത്ത്..!!

കനകസിംഹാസനത്തില്‍ കയറി ഇരിക്കുന്നവന്‍ ശുനകനോ അതോ ശുംഭനോ...?????
പും എന്ന് പേരായ നരകത്തില്‍നിന്നും നിന്നും പിതാവിനെ രക്ഷിക്കുന്നവനാണ് പുത്രന്‍, പക്ഷേ ഈച്ചരവാര്യര്‍ എന്ന ഈ പിതാവിന്റെ നിയോഗം മറ്റൊന്നായിരുന്നു. ഈ ലോകം വിധിച്ച നരകത്തില്‍ നിന്നും തന്റെ പുത്രനെ രക്ഷിക്കുക. പക്ഷേ കാലം ഈ പിതാവിന് കരുതിവെച്ചത് മറ്റൊന്നായിരുന്നു. അതുകൊണ്ട് തന്നെ നാം അടിയന്തരാവസ്ഥ എന്നു കേള്‍ക്കുമ്പോള്‍ നിസഹായനായ ഈ അച്ഛനെ ഓര്‍ക്കും.മുഖവുര ആവശ്യമില്ല അടിയന്തരാവസ്ഥയ്ക്കിടെ ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് ക്രൂരമായി കൊലചെയ്യപ്പെട്ട രാജന്‍ വാര്യരുടെ ഈച്ചര വാര്യര്‍എന്ന അച്ചന്. ഈ അച്ഛന്റെ പോരാട്ടം മകനെ വീണ്ടെടുക്കാനായിരുന്നില്ല. തന്റെ മകന് എന്ത് സംഭവിച്ചു എന്നറിയാനായിരുന്നു.

മകനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അച്ഛന്‍ അക്ഷരമാക്കിയപ്പോള്‍ അതിന് കേരള സാഹിത്യ അവാര്‍ഡ് ലഭിച്ചു.
''എന്റെ വഴി അവസാനിക്കുകയാണ്. കര്‍ക്കിടകത്തില്‍ ഇരമ്പിപ്പെയ്തു വീണ ഒരു മഴയുടെ തോര്‍ച്ച വളരെ അടുത്താണ്. ഈ മഴ എനിക്കുവേണ്ടി പലരും കൂടെ നനഞ്ഞു എന്നതാണ് എന്റെ സാഫല്യം. എന്നും ഞാനിത് ഒരു അനശ്വര നിര്‍മാല്യം പോലെ ചേര്‍ത്തു പിടിക്കുന്നു."
രാജന്‍ നന്നായി പാടുമായിരുന്നു. അവന്‍ അവന്റെ അമ്മ പറയുമ്പോഴേ പാടുമായിരുന്നുള്ളൂ എന്ന് ഞാനെഴുതിയപ്പോള്‍ എന്റെ പെണ്‍കുട്ടികള്‍ പിണങ്ങി.രാജന്‍ അവര്‍ക്കുവേണ്ടിയും പാടിയിരുന്നുവത്രെ. എനിക്കുവേണ്ടി മാത്രം അവന്‍ പാടിയില്ല. അവന്റെ പാട്ടു കേള്‍ക്കാന്‍ എനിക്ക് സമയമുണ്ടായില്ല. അതുകൊണ്ട് മോശമായി റെക്കോര്‍ഡു ചെയ്യപ്പെട്ട തന്റെ പാട്ടുകള്‍ മരണം വരെ അച്ഛന്‍ കേട്ടിരിക്കണമെന്ന് അവന്‍ നിശ്ചയിച്ചു കാണണം.
ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈ കര്‍ക്കിടകത്തില്‍ മഴ തകര്‍ത്തു പെയ്യുന്നു. പെരുമഴ ശ്രീവിഹാറിനു മുകളില്‍ പെയ്തു വീഴുമ്പോഴൊക്കെ ഞാന്‍ മോനെ ഓര്‍ക്കുന്നു.
പടിവാതില്‍ അടച്ചുപൂട്ടിയാലും ആരോ വന്ന് അതു തുറന്ന് പൂമുഖപ്പടിയില്‍ മുട്ടുന്നതുപോലെ ആത്മാവിന് പൂര്‍വജന്മബന്ധങ്ങളില്ല എന്നെഴുതുന്നത് ശരിയാവില്ല.
മഴ പൊഴിക്കുന്ന ഈ രാത്രിയില്‍ ഞാന്‍ അവന്റെ കാസറ്റിലാക്കിയ പാട്ടു വയ്ക്കുന്നു. മൂളുന്ന ടേപ്റെക്കോര്‍ഡിനൊപ്പം കളഞ്ഞുപോയ ഒരു ശബ്ദവീചിയെ.ഞാന്‍ തൊട്ടെടുക്കാന്‍ ശ്രമിക്കുകയാണ്. പരുക്കനായ ഒരച്ഛനായതുകൊണ്ടുമാത്രം ഞാന്‍ കേള്‍ക്കാതെ പോയ പാട്ടുകള്‍കൊണ്ട് എന്റെ ഭൂമി നിറയുകയാണ്.പുറത്ത് മഴ നനഞ്ഞ് എന്റെ മകന്‍ നില്‍ക്കുന്നു.....
പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?
ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ' (ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

നീതി നിഷേധിക്കപ്പെട്ട ഒരു മനുഷ്യനെക്കുറിച്ച് പറയുമ്പോൾ നമുക്കിനി ഈച്ചരവാര്യരെ ഓർമിക്കാം. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ആരെയും കൂസാതെ തകർന്നും തളർന്നും നില്ക്കാതെയും ഒറ്റയ്ക്ക് യുദ്ധം നടത്തിയവരെക്കുറിച്ച് പരാമർശിക്കുമ്പോഴും നമുക്കീ അച്ഛനെ ഓർമിക്കാം. മടങ്ങിവരുകയോ എന്തുസംഭവിച്ചുവെന്ന് വിവരം കിട്ടാതെ വരികയോ ചെയ്യുന്ന മക്കളെ കാത്തിരിക്കുന്ന അച്ഛന്മമാർക്കിടയിലും നമുക്കിദ്ദേഹത്തെ പ്രതിഷ്ഠിക്കാം.

നജീബിന്റെ ഉമ്മയുടെ നിലവിളിക്ക്‌ മുന്‍പില്‍ ഈച്ചരവാര്യരെ സ്മരിക്കുന്നു ...ഇനി ഒരു രാജന്‍ ആവര്‍ത്തിക്കാതിരിക്കട്ടെ ...!!

Tuesday, October 25, 2016

പടി മറയുന്ന പഴയ കാലം..!!

വയലേലയില്‍ കിളി കൂട്ടമായ് 
കതിരുണ്ണുവാന്‍ വന്നു പോയ്‌...
പുഴ മീനുകള്‍ തെളി നീരിലായ്
കളി ചൊല്ലി നീങ്ങുന്നുവോ..
പഴയ കാലങ്ങളെങ്ങോ
പടി മറയുവതിനി വരുമോ...!!
ചില സമയങ്ങളില്‍ നമ്മള്‍ കേള്‍ക്കുന്ന ചില വരികളും വാക്കുകളും ഒക്കെ നമ്മെ വളരെ ചിന്തിപ്പിക്കും.. ചിരിപ്പിക്കും.. കണ്ണില്‍ നനവ്‌ പടര്‍ത്തും...!!! 
ഈ വരികള്‍ കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്നത് 16 വര്ഷം മുന്‍പുള്ള SC സ്കൂളിന്റെ ചിത്രമാണ്.. മുന്നില്‍ പച്ചപ്പ്‌ നിറഞ്ഞ പാടം.. അവിടെ വരുന്ന കിളികള്‍.. അത് കഴിഞ്ഞു ഒരു കൈത്തോട്‌.. റോഡിനോട് ചേര്‍ന്നുള്ള മറ്റൊരു തോട്.. അതില്‍ ഒക്കെ ഉണ്ടായിരുന്ന ചെറിയ മീനുകള്‍.. പാടത്തിന്റെ നടുവില്‍ കൂടെ സ്കൂളിലേക്ക് നീണ്ടു കിടന്ന റോഡ്‌.. അവിടെ ഒക്കെ ഓടി കളിച്ചു നടന്ന ഞാനും എന്റെ കൂട്ടുകാരും...!!! വെള്ളം പൊങ്ങുമ്പോള്‍ ഒരു കണ്ടത്തില്‍ നിന്ന് മറ്റെതിലേക്ക് ആ റോഡിനു പുറത്തുകൂടെ വെള്ളം ഒഴുകുമായിരുന്നു... അരുവി പോലെ...ഇന്ന് ആ പാടം ഇല്ല.. വരമ്പുകള്‍ ഇല്ല.. തോട് ഇല്ലാ കുഞ്ഞു മീനുകളും ഇല്ലാ... ഉച്ചക്ക് സ്‌കൂൾ വിട്ടാൽ കൂട്ടുകാരും എല്ലാവരുംകൂടി പൊതിപാത്രവും എടുത്തുകൊണ്ടു ഒരോട്ടമാണ്.. കണ്ടത്തിന്റെ നടുക്കുകൂടെ ഒഴുകുന്ന തോട്ടിലെ കെട്ടിലിരുന്നുകൊണ്ടു കാലും വെള്ളത്തിലിട്ടു ചോറുണ്ണും. അതൊക്കെ ഇപ്പോൾ കൊതിയൂറുന്ന ഓർമ്മകൾ... 
നമുക്ക് എല്ലാം നഷ്ടമായിരിക്കുന്നു.. എങ്കിലും മനസ് വീണ്ടും പാടി പോകുന്നു...
പഴയ കാലങ്ങളെങ്ങോ
പടി മറയുവതിനി വരുമോ...!!

Saturday, October 22, 2016

പ്രകൃതിയെ മറക്കരുത്..!!

ഡിസ്‌പോസിബിള്‍ കുപ്പികളില്‍ വ്യാപാരാടിസ്‌ഥാനത്തില്‍ ലഭിക്കുന്ന ശുദ്ധജലം തുടക്കത്തില്‍ വിദേശികളുടെ കൈയില്‍ മാത്രമേ കണ്ടിരുന്നുള്ളൂ... എന്നാലിപ്പോള്‍ വീടിന്റെ പടിയിറങ്ങിയാല്‍ ദാഹജലത്തിനായി നാം കുപ്പിവെള്ളത്തെ മാത്രമേ ആശ്രയിക്കൂ...!!
അടുത്ത്‌ തന്നെ ശുദ്ധവായുവും ഇങ്ങനെ കുപ്പിയില്‍ ലഭിക്കുന്ന കാലം വിദൂരമല്ല...!!
പ്രകൃതിയെ മറക്കരുത്.. കൊടിയ വിപത്തിലൂടെ മാത്രമേ പ്രകൃതി നമുക്ക് ഓർമ്മപ്പെടുത്തൽ തരുകയുള്ളൂ...!!!

Saturday, October 15, 2016

സ്നേഹം പരക്കട്ടെ...!!

വഴിതെറ്റി എന്റെ നേര്‍ക്കുവന്ന നിന്റെ എതോ വാക്കുകളില്‍ തട്ടിയാണ് ,
എന്റെ ചിന്തകളില്‍ പ്രണയത്തിന്റെ വിഷം തീണ്ടിയത്...!!:)
മത രാക്ഷ്ട്രീയ വർഗ്ഗീയ ചരിത്രം പറഞ്ഞു തല്ലു കൂടുന്നവരേക്കാൾ മുകളിൽ നിൽക്കുന്നു സ്നേഹത്തിനെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ പൈങ്കിളി രചിക്കുന്നവർ.. അവർ ഹൃദയങ്ങളിൽ സ്നേഹം നിറക്കുന്നു, മറ്റുള്ളവർ വെറുപ്പും വിഷവും നിറക്കുന്നു.
ഈ വർഗ്ഗീയ വിഷം ചീറ്റുന്ന പെഴച്ച നാവുകളെ അടക്കുവാൻ നോക്കണം അധികാരികൾ...
സ്നേഹം പരക്കട്ടെ...!! 

Thursday, October 13, 2016

ജയ് ഹര്‍ത്താല്‍ !!!

സുന്ദരമായൊരു ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കയാണ്....
കുപ്പിയും, കോഴിയും, സീരിയലും,വാര്‍ത്താ ചാനലുകളുമായി മലയാളി അവന്റെ ഭീരുത്വവും അരാഷ്ട്രീയതയും ആഘോഷിക്കുന്ന മഹത്തായ ദിനമാണ് ഹര്‍ത്താല്‍ !
ഹര്‍ത്താലുകള്‍ പ്രഖ്യാ‍പിക്കുന്ന നേതാക്കളെയും,കടയടപ്പിക്കാനും വാഹനം തടയാനും പുറത്തിറങ്ങുന്ന ഹര്‍ത്താല്‍ പ്രചാരകരെയും അറസ്റ്റു ചെയ്ത് ജനജീവിതത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട നമ്മുടെ സര്‍ക്കാര്‍ ധാര്‍മ്മിക ശക്തിയില്ലാതെ പകലുറങ്ങുമ്പോള്‍... അരങ്ങ് വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഒഴിഞ്ഞുകൊടുത്ത് നമുക്ക് മാളങ്ങളിലേക്ക് ഉള്‍വലിയാം...!!
ജാതിയുടെയും മതത്തിന്റെയും രാക്ഷ്ട്രീയത്തിന്റെയും പേരില്‍ കൊല്ലും കൊലയും നടത്താനല്ല ഐക്യം വേണ്ടത്.. രാപ്പകല്‍ കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്നവന്റെ മുതല്‍ പിടിച്ചു പറിക്കുന്നവന്റെയും.. നടു റോഡില്‍ അമ്മയെയും പെങ്ങളെയും കയറി പിടിക്കുന്നവന്റെയൊക്കെ കഴുത്ത് വെട്ടാനാ വേണ്ടത്...
ജയ് ഹര്‍ത്താല്‍ !!!

Saturday, October 8, 2016

ആദര്‍ശം..!!

ആദര്‍ശം ചിലപ്പോഴെങ്കിലും ഒരു ഭാരമാണ്....!!
ഇന്നലെ വരെ വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ തെറ്റാണ് എന്ന് ബോധ്യപ്പെട്ടാല്‍ ,താന്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ കാലഹരണപ്പെട്ടു എന്ന് മനസ്സിലായാല്‍ , അത്‌ തുറന്നു പറയാന്‍ വല്ലാത്ത ഒരു ആത്മ ധൈര്യം വേണം.....!!
അടിയുറച്ച് വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ അടിത്തറ കൊലപാതകവും അഴിമതിയും കൊണ്ട് സൃഷ്ടിച്ചതാണെന്നു തിരിച്ചറിഞ്ഞാൽ അത് തുറന്നു പറയാൻ ധൈര്യമുള്ള എത്ര പേരുണ്ടിവിടെ.. ??

Sunday, October 2, 2016

ഗാന്ധി ജയന്തി..


മഹാത്മാഗാന്ധി തീവ്രവാദിയായിരുന്നു എന്നുതന്നെയാണ് എന്റെ വിശ്വാസം...
സത്യസന്ധതയുടെ തീവ്രവാദി...!!!
അഹിംസയുടേയും...!!

Monday, September 5, 2016

ഗുരുവേ നമ:

അറിവാംഅക്ഷരങ്ങളേ നിങ്ങളെനിക്കന്ന്
കൈപടകൊണ്ട് വരച്ച ചിത്രങ്ങളായിരുന്നില്ലേ…
പേരിട്ടപോലുള്ള വാക്യങ്ങളാക്കി തന്നതിന്നും
മായാത്തെഴുത്ത് പോലുണ്ടെൻ മനസ്സിൽ…!!

അറിവിന്റെ ആദ്യാക്ഷരം തൊട്ടിങ്ങോട്ട് ഇന്നു വരെയുള്ള എന്റെ വളര്‍ച്ചയില്‍ ശാസിച്ചും സ്നേഹിച്ചും തലോടിയും മുന്നോട്ട് നയിച്ചതിന് എല്ലാ പ്രിയ അദ്ധ്യാപകരോടും കടപ്പെട്ടിരിക്കുന്നു…
പഠിപ്പിച്ച് തന്നത് പലതും ഓര്‍മയില്‍ നിന്നു പോയി.. എങ്കിലും മറക്കാത്ത ചില മുഖങ്ങളുണ്ട് പഠിപ്പിച്ചവര്ക്കിടയില്‍..
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞു തന്ന ആശാന്‍.. അരിയില്‍ 'ദൈവമേ നിനക്ക് സ്തുതി'.. 'ഹരി ശ്രീ ഗണപതായെ നമഹ:' എന്ന് എഴുതി തുടക്കം..
L.P സ്കൂളില്‍ മല്ലന്റെയും മാധേവന്റെയും കഥ പഠിപ്പിച്ച ആലിസ് ടീച്ചര്‍..
കമ്മ്യൂണിസ്റ്റ്‌ കമ്പുകള്‍ കൊണ്ട് കണക്കു പഠിപ്പിച്ച ഏലിയാമ്മ ടീച്ചര്‍..
U.P സ്കൂളില്‍ ചേര്ന്നെപ്പോള്‍ കണക്കു പഠിക്കാന്‍ നല്ലത് ചൂരല്‍ വടികള്‍ ആണ് എന്ന് മനസിലാക്കി തന്ന മോന്സി സര്‍..
ഹിന്ദി ഹമാര രാഷ്ട്ര ഭാഷ ഹെ എന്ന് പറഞ്ഞു തന്ന അംബികാമ്മ ടീച്ചര്‍
പിന്നെ ജയ ടീച്ചര്‍, ജൂബി ടീച്ചര്‍, അച്ചുക്കുട്ടി ടീച്ചര്‍..
S.C സ്കൂളില്‍ ആരോടൊക്കെ നന്ദി പറഞ്ഞാല്‍ മതിയാവും..!!
നൈനാന്‍ സര്‍, എബ്രഹാം മാത്യു സര്‍, രാജമ്മ ടീച്ചര്‍, ഏലിയാമ്മ ടീച്ചര്‍, ജിജി ടീച്ചര്‍ ( Gigi Teacher), അനി ടീച്ചര്‍ ( AniTeacher), മോഹിനി ടീച്ചര്‍ (Mohini Teacher), സൂസമ്മ ടീച്ചര്‍, - പിന്നെ.. മുഖം ഓര്‍മയുള്ള, പേരുകള്‍ ഓര്‍മയില്‍ തെളിയാത്ത മറ്റു ടീച്ചര്‍സ്..!!
പിന്നെ ബാബുച്ചായന്‍ (Babuji).. എനിക്ക് അറിയില്ല ബാബുച്ചാ എന്താണ് പറയണ്ടത് എന്ന്... ഈ ലോകത്തിലെ ഏറ്റവും മഹാനായ അധ്യാപകരില്‍ ഒരാളാണ് താങ്കള്‍.. നന്ദി ഒന്നും വാക്കുകളില്‍ ഒതുങ്ങില്ല.. നന്ദിയെക്കാള്‍ ഉപരി സ്നേഹം ആണ് മനസ്സില്‍.. ഭൂലോകത്തിന്റെ സ്പന്ദനം മാത്സില്‍ ആണോ എന്ന് എനിക്ക് ഇപ്പോളും അറിയില്ല ബാബുച്ചാ.. എങ്കിലും ഇന്ന് എനിക്ക് പറയാന്‍ ഉള്ളത് ഇതാണ് : (a + b)2 = a2 + 2ab + b2
സൂസമ്മ ടീച്ചര്‍ - ടീച്ചര്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ ഇന്നും ഓര്‍ക്കുന്നു... 9ല്‍ പഠിക്കുമ്പോള്‍ ആണ്.. ഒരിക്കല്‍ ടീച്ചര്‍ പറഞ്ഞു.. "വെളിയില്‍ ലോകം വളരെ വലുതാണ്‌... നിങ്ങള്‍ ഒരിക്കലും രാഷ്ട്രീയക്കാരുടെ കയ്യിലെ ചട്ടുകം ആവരുത്.." ചൈനിസ് വിപ്ലവതെക്കാളും പാനിപ്പട്ട് യുദ്ധതെക്കാളും മനസ്സില്‍ തങ്ങി നില്കുന്നത് ആ വാചകം ആണ്.. “ഇല്ല ടീച്ചര്‍, ഞാന്‍ ഒരിക്കലും ഒരു രാഷ്ട്രീയക്കാരന്റെയും ചട്ടുകം ആയിട്ടില്ല...”
ഓര്‍മ്മകള്‍ എഴുതിയാല്‍ തീരുകയില്ല.. എല്ലാവരോടും നന്ദിയുണ്ട്.. എന്നെ സ്നേഹിച്ചതിന്.. എന്നെ കരുതിയതിനു.. എന്നെ ഞാന്‍ ആക്കിയതിന്..
അധ്യാപക ദിന ആശംസകള്‍...!!

Tuesday, February 23, 2016

വിപ്ലവം ജയിക്കട്ടെ...!!

ആരുടെയെങ്കിലും തന്തക്കും തള്ളക്കും വിളിച്ചിട്ട് അഭിപ്രായസ്വാതന്ത്യം ആണ് എന്ന് പറയുമ്പോഴാണ് നാട്ടുകാര്‍ പിടിച്ചു പഞ്ഞിക്കിടുന്നത്...!!

അതിരു കടക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ വ്യക്തികള്‍ക്കോ സമൂഹത്തിനോ അല്ലെങ്കില്‍ ഒരു രാഷ്ട്രത്തിനു തന്നെ ദോഷം ആയി തോന്നുന്നു എങ്കില്‍ നാവുകള്‍ അരിയുക...
ഗാന്ധിയെ കൊന്നവനെ അനുസ്മരിച്ചവര്‍ ദേശദ്രോഹികള്‍ ആണെങ്കില്‍  അഫ്സല്‍ ഗുരുവിനെ അനുസ്മരിച്ചവരും ദേശദ്രോഹികള്‍ തന്നെ.. തുല്യനീതി തന്നെ ആവണം രണ്ടു പേര്‍ക്കും...!!
ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ മോഹന്‍ ലാലിനും കനയ്യയെ പോലെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്... എന്റെ ആദര്‍ശത്തിന്റെ കീഴില്‍ തന്നെ എലാരും അഭിപ്രായം പറയണം എന്ന് പറയുന്നതില്‍ അര്‍ഥം ഇല്ല..
ഇങ്ങനെ പരസ്പരം തമ്മില്‍ തല്ലി നിങ്ങള്‍ മുന്‍പോട്ടു പോകണം.. വര്‍ഗീയ രാക്ഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കണം..പണ്ട് നാട്ടുരാജക്കന്മാര്‍ക്കു  ബ്രിട്ടീഷുകാര്‍ കൊടുത്ത പണി പോലെ നാളെ നമ്മുടെ രാജ്യത്തെ തകര്‍ക്കുവാന്‍ കാത്തിരിക്കുന്നവര്‍ക്ക് ബോംബ്‌ പൊട്ടിക്കാന്‍ അവസരം കൊടുക്കരുത്..പ്ലീസ്..!!

വിപ്ലവം ജയിക്കട്ടെ..!
(ജയിക്കുന്നത് വിപ്ലവം തന്നെ ആയിരിക്കണം..)

Sunday, January 3, 2016

ദയാഭായ് - നന്മമരമേ മാപ്പ്...

അവകാശങ്ങളും, മാനുഷിക പരിഗണനകളും നിഷേധിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട ഒരു ജനവിഭാഗത്തെ നെഞ്ചോട്‌ ചേർത്തു തണലൊരുക്കി ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഉത്തമ വ്യക്തിത്വം ആണ് ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ജീവിക്കുന്ന ദയാഭായ് എന്ന സ്ത്രീ.
ആരും അറിയാത്ത ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍, ആദിവാസികള്‍ അടക്കമുള്ള തിരസ്കൃതരായ മനുഷ്യര്‍ക്കു വേണ്ടി ഭരണകൂടത്തോടും അഴിമതിക്കാരോടും കൊള്ളക്കാരോടും പതിറ്റാണ്ടുകളായി ഒറ്റയാള്‍പോരാട്ടം നടത്തിവരുന്ന ധീരയായ ആ സ്ത്രീ കഴിഞ്ഞ ദിവസം കേരളത്തിലെ ചാലനുകള്‍ക്കു മുന്നില്‍ വിതുമ്പലിന്‍റെ വക്കോളമത്തെി സംസാരിച്ചപ്പോള്‍ തല കുനിഞ്ഞുപോയി.
വേഷം കണ്ടും ഭാഷ കേട്ടും വീണ്ടുവിചാരമില്ലാതെ വിവേകമില്ലാതെ വായിൽ തോന്നിയത് പറയുകയും പ്രവൃത്തിക്കുകയും ചെയ്യുമ്പോൾ അവരൊക്കെ മറക്കാതെ ഓർക്കേണ്ടുന്ന ഒരു കാര്യംണ്ട് നിങ്ങൾ മാത്രല്ല തെറ്റ് ചെയ്യാതെ തലകുനിക്കേണ്ടി വരുന്ന ഒരു സമൂഹവും കൂടെ ഇവിടെ ഉണ്ട്. "മനുഷ്യനെ വേഷവും ഭാഷയും നോക്കി വിലയിടുന്ന ഈ നാട്ടിൽ സ്നേഹത്തിന്‍റെയും അടിത്തട്ടിലുള്ള ജീവിതങ്ങളുടെ നേരിന്‍റെയും വ്യാപാരിയാണ് ഞാൻ :ദയാഭായ് ".
ഞാൻ അവർക്ക് അത് ചെയ്തുകൊടുത്തു ഇത് ചെയ്തു കൊടുത്തു എന്നൊക്കെ വല്ല്യേ വർത്താനം പറയുമ്പോ വിളിച്ചു പറയാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടെന്നു മറക്കാതിരിക്കുക...
പ്രവൃത്തിയിൽ അഹിംസയെന്ന മന്ത്രമോതി, കൈയിലൊരു ഊന്നുവടിയും ഒരു ഉടുമുണ്ടും മേൽമുണ്ടും മാത്രം ധരിച്ചൊരു മനുഷ്യൻ മുന്നിൽ നിന്ന് നയിച്ച്‌ നേടിത്തന്ന സ്വാതന്ത്ര്യമാണ് നമ്മുടേത്‌. മാന്യതയെന്നാൽ വസ്ത്രവും ഭാഷയും ആണെന്ന് അഹങ്കരിക്കുന്ന ഓരോരുത്തരും അത് ഓർത്തിരിക്കേണ്ടത് അത്യാവശ്യം ആണ്...