Tuesday, February 17, 2015

സൂര്യനെ പ്രണയിച്ച പെണ്‍കുട്ടി

അവള്‍ക്ക് ആദ്യമാദ്യം സൂര്യന്‍ വെറും ഒരു കത്തുന്ന ഗോളം മാത്രമായിരുന്നു.
സുഖനിദ്രയെ അലോരസപ്പെടുത്തുമാറ് കണ്ണില്‍ വന്നടിക്കും..
പൊയ്പ്പോയ ഇരുട്ടിനെ ആവാഹിക്കാന്‍ അവള്‍ പുതപ്പ് തലയിലൂടെ മൂടി ഇരുട്ട് വരുത്താനായി ഒരു വിഫലശ്രമം നടത്തും.
സൂര്യനെ ഓരോരുത്തര്‍ ഓരോ രീതിയില്‍ വരവേല്‍ക്കുന്നു..!
കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അവള്‍ക്ക് മനസ്സിലായി സൂര്യന്‍ കടലിന്റെ അടീലൊന്നും പോയതല്ല. അവിടെ തന്നെയുണ്ട്, നമുക്ക് കാണാന്‍ പറ്റില്ലെന്നേയുള്ളൂ. ബാക്കി പകുതി ആളുകള്‍ക്കും ഇപ്പോള്‍ സൂര്യനെ കാണാന്‍ കഴിയും.അവിടെ അവര്‍ക്ക് പ്രഭാതമാകും.
ചിലര്‍ക്ക് നട്ടുച്ചസമയവും ചിലര്‍ക്ക് സന്ധ്യാസമയം.അവര്‍ സൂര്യനോട് വിടപറയുകയാവും.
ചിലര്‍ വര്‍വേല്‍ക്കുകയും.
സൂര്യനെ കാണാന്‍ കഴിയാതെ കിടക്കുമ്പോള്‍ അവള്‍ ഓര്‍ക്കും,
താന്‍ കിടക്കുന്ന ഭൂമി തുരന്ന് തുരന്ന് വലരെ ദൂരം ചെന്നാല്‍ ഭൂമിയുടെ മറുപുറം എത്താം.
അവിടെ കത്തിജ്വലിക്കുന്ന സൂര്യനും പിന്നെ അതിവ്യത്യസ്ഥരായ് ചില മനുഷ്യരും കാണും.
സൂര്യന്‍ ഒന്നുതന്നെയാണെങ്കിലും അവിടെ താന്‍ അപരിചിതയാകും!
ഭൂമിയുടെ പിടിയൊന്നുവിട്ടാന്‍ പറന്നുയരുന്ന മനുഷ്യര്‍!
സൂര്യന്റെ അടുത്തെത്തുമായിരിക്കുമോ അപ്പോള്‍?!
അതോ ആകാശത്തു പറന്നു നടക്കുന്ന മനുഷ്യരായി മാറുമോ?!
ആ‍കാശത്തു നിറയെ പറക്കുന്ന വീടും അവിടെ നിറയെ പറന്നു നടക്കുന്ന മനുഷ്യരുമാകും അപ്പോള്‍..!
അതിലും മുതിര്‍ന്നപ്പോള്‍,
അവള്‍ വെറുതെ സൂര്യനെ പ്രണയിക്കാന്‍ പഠിച്ചു.
ഭൂമിയുടെ സുരക്ഷിതത്വത്തില്‍ വിശ്വസിക്കാന്‍ പഠിച്ചു.
സൂര്യന്റെ നേതൃത്വത്തിലുള്ള ഭൂമിയിലെ ജീവിതം ശാശ്വതമാണെന്നും ഭാവന ചെയ്ത് ആസ്വദിക്കാന്‍ പഠിച്ചു.
ഇവിടെ അസ്തമിക്കുന്ന സൂര്യന്‍ ഭൂമിയുടെ മറുപുറം ഉദിക്കുമെന്നത് വിസ്മരിച്ച്
അസ്തമന സൂര്യനെ നോക്കി വിരഹ ഗീതം പാടാന്‍ പഠിച്ചു.
മാനത്തു പടരുന്ന ചുവപ്പ് സൂര്യന്റെയും ഭൂമിയുടെയും ദുഃഖത്താല്‍ ചുവന്ന കവിള്‍ത്തടമാണെന്ന് കരുതാന്‍ ഇഷ്ടപ്പെട്ടു.
പിന്നെ പിന്നെ,സൂര്യന്‍ തന്നെയോര്‍ത്താണ്‌ കരയുന്നതെന്ന് ഭാവനചെയ്യാന്‍ ഇഷ്ടപ്പെട്ടു.
സൂര്യനെ അഗാധമായി പ്രണയിക്കാന്‍ അവള്‍ വെമ്പി.
ചൂടും വെളിച്ചവുമായി വരുന്ന സൂര്യന്‍ അവള്‍ക്കെല്ലാമെല്ലാമായി.
അവള്‍ സൂര്യനെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടിയായി.
അവള്‍ മറ്റെല്ലാം മറന്നു...
ഉള്ളിലിരുന്നാരോ പറഞ്ഞു,
‘സൂര്യനെ സ്നേഹിക്കുന്നത് വിഡ്ഡിത്തമാണ്‌!’
പ്ക്ഷെ, പ്രണയം തോന്നിയവയെയല്ലേ പ്രണയിക്കാനാവൂ!
സൂര്യനെ തന്റേതു മാത്രമാണെന്ന പറയാന്‍ അവള്‍ക്കാവില്ല.
സൂര്യന്‍ ഒരിക്കലും ഒരിക്കലും തന്നെ സ്വന്തമാണെന്ന് അംഗീകരിക്കില്ല.
താന്‍ മറഞ്ഞാലും സൂര്യന്‍ മറയില്ല. ഭൂമിയും. താന്‍ മാത്രമാണ് നശ്വരമായതെന്നും,
സൂര്യനെ പ്രണയിക്കുന്ന താന്‍ അനാധയാണെന്നവള്‍ ആദ്യമായറിഞ്ഞു.
എങ്കിലും സൂര്യനെ പ്രണയിക്കാതിരുന്നാല്‍ തന്റെ ദിനങ്ങള്‍ ഇരുട്ടില്‍ ആണ്ടുപോകും എന്നും അവളറിഞ്ഞു!
പിന്നീട് വളരെക്കാലം ചെന്നപ്പോള്‍ അവള്‍ ഒന്നുകൂടി പഠിച്ചു.
ചുട്ടുപൊള്ളുന്ന സൂര്യന്റെ ചൂട് അവള്‍ക്ക് സഹിക്കാവുന്നതിലും അധികമാണെന്ന്.
ഭൂമി കരയുന്നത് സൂര്യന്റെ വിടപറയലിലല്ല, ഉഗ്രതാപത്താല്‍ വെന്തുചുമക്കുന്നതാണെന്നു തോന്നി. എന്നാല്‍ സൂര്യതാപം ഇല്ലാതായാല്‍, തന്റെ സര്‍വ്വചരാചരങ്ങളും നശിച്ചുപോകുമെന്നും ഭൂമിക്കറിയാം. ഭൂമിയുടെ നിസ്സഹായത അവളെ തളര്‍ത്തി.
സൂര്യനെ സ്നേഹിക്കാന്‍ അവള്‍ ഭയന്നു. ആ ചൂടില്‍ താന്‍‍ വെന്തുകരിഞ്ഞുപോകുമെന്ന് ഭയന്നു. എങ്കിലും ഇത്തിരി വെട്ടത്തിനായി അവള്‍ പ്രണയിച്ചു...

No comments:

Post a Comment