Tuesday, December 16, 2014

ഗോ റ്റു ഹെല്‍....

ഇതിനൊക്കെ ദൈവം എണ്ണിഎണ്ണി
കണക്കു പറയേണ്ടി വരുന്ന ഒരു
ദിവസം വരും .....
സ്വന്തം കോടതിയില്‍ അന്ന്
ദൈവത്തിനു പ്രതിസ്ഥാനത്ത്
നില്‍ക്കേണ്ടിവരും.....
നാളിതുവരെ മതത്തിന്‍റെ പേരില്‍
കൊല്ലപ്പെട്ടവരും മരിച്ചവരും
ചേര്‍ന്നു ദൈവത്തിനെവിചാരണ ചെയ്യും ....

എന്നിട്ടവര്‍ ദൈവത്തിനായൊരു
നരകം പണിയും ....
"നരകത്തിലേക്കു പോകൂ"
"നരകത്തിലേക്കുപോകൂ "
എന്നലറിവിളിച്ചവര്‍ ദൈവത്തിനെ
നരകത്തിലേക്കു ചവിട്ടിത്താക്കും ....

Thursday, December 11, 2014

പച്ചക്ക് കത്തുന്ന ജീവന്‍ ....!!!

തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിനും മന്ദബുദ്ധികളായ രണ്ടു കുട്ടികള്‍ക്കും വേണ്ടി ശരീരം വിറ്റ് പണമുണ്ടാക്കുന്ന അവള്‍ എന്നെയും ഈ സമൂഹത്തെയും നോക്കി കൊഞ്ഞനം കുത്തുകയായിരുന്നു. വീട്ടുകാരെയും നാട്ടുകാരെയും ധിക്കരിച്ചു സ്നേഹിച്ച പുരുഷന്റെ ഒപ്പം ഇറങ്ങിപ്പോന്ന അവള്‍ എല്ലാം ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു അപ്പോള്‍ . അവളുടെ മനസ്സുപോലും. മനസ്സില്ലാത്ത ശരീരത്തിന് അല്ലെങ്കില്‍ തന്നെ എന്ത് വില. എന്നിട്ടും അതിനു വേണ്ടി കടിപിടി കൂടുന്ന മനസ്സില്ലാത്ത മനുഷ്യര്‍ക്കുമുന്‍പില്‍ അവള്‍ തന്നെ അപ്പോഴും അജയ്യയായി നിന്നു. ....!
മരുന്നുകുപ്പികള്‍ക്കൊപ്പം അവള്‍ അവളുടെ ഭര്‍ത്താവിന്റെ തല്ക്കടുത്തു വെച്ചിരിക്കുന്നത് ഒരുകുപ്പി വിഷമാണ്. എന്നെങ്കിലും അവളുടെ ശരീരത്തിന് വിലയില്ലാതായാല്‍ , ആ ശരീരത്തോടൊപ്പം അവരുടെ എല്ലാവരുടെയും അത്മാവിനെകൂടി സ്വതന്ത്രമാക്കാനുള്ള വിഷം. അതിലൊരു പങ്കായിരുന്നു അവള്‍ കഴുത്തിലണിഞ്ഞുനടക്കുന്നതും. എന്നിട്ടും എന്തിന് പിന്നെയും ജീവിക്കുന്നു എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞ മറുപടി എന്നെ വിസ്മയിപ്പിച്ചു. വരും ജന്മത്തിലെങ്കിലും അവള്‍ക്കൊരു ജീവിതത്തിനായി ഈ ജന്മത്തിലെ അവളുടെ പാപം മുഴുവന്‍ അവള്‍ക്കിവിടെ അനുഭവിച്ചു തീര്‍ക്കണമെന്ന് ....!!!!!!
കടപ്പാട് ..

Wednesday, December 10, 2014

പന്തങ്ങള്‍..

സ്ഫടികം എന്ന സിനിമയിലെ ഈ സീനും തോമയുടെ ചോദ്യങ്ങളും മലയാളി വേഗം മറക്കാന്‍ ഇടയില്ല .. അന്ന് തോമയുടെ ഉത്തര പേപ്പറില്‍ എഴുതിയിരുന്ന കവിതയായിരുന്നു "പന്തങ്ങള്‍"
ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറ പേറിയ പാരിന്‍
വാരൊളി മംഗള കന്തങ്ങള്‍

പണ്ട് പിതാമഹര്‍ കാട്ടിന്‍ നടുവില്‍
ചിന്തകളുരസിടുമക്കാലം
വന്നു പിറന്നിതു ചെന്നിണമോലും
വാളു കണക്കൊരു തീനാളം!

സഞ്ചിതമാകുമിരുട്ടുകളെല്ലാം
സംഭ്രമമാര്‍ന്നൊരന്നേരം
മാനവര്‍ കണ്ടാ അഗ്നി സ്മിതമതില്‍
മണ്ണിലെ വിണ്ണിന്‍ വാഗ്ദാനം

ആയിരമായിരമത്തീ ചുംബി-
ച്ചാളി വിടര്‍ന്നൊരു പന്തങ്ങള്‍
പാണിയിലേന്തിപ്പാടിപ്പാടി-
പ്പാരിലെ യുവജന വൃന്ദങ്ങള്‍
കാലപ്പെരുവഴിയൂടെ പോന്നിതു
കാണേക്കാണേക്കമനീയം!

കാടും പടലും വെണ്ണീറാക്കി-
ക്കനകക്കതിരിനു വളമേകി
കഠിനമിരുമ്പു കുഴമ്പാക്കി, പല
കരുനിര വാര്‍ത്തു പണിക്കേകി!

അറിവിന്‍ തിരികള്‍ കൊളുത്തീ, കലകള്‍ -
ക്കാവേശത്തിന്‍ ചൂടേകി.
മാലോടിഴയും മര്‍ത്യാത്മാവിനു
മാലോട്ടുയരാന്‍ ചിറകുതകി
പാരില്‍ മനുഷ്യ പുരോഗമനക്കൊടി
പാറിച്ചവയീ പന്തങ്ങള്‍ !
മെത്തിടൂമിരുളിലിതെത്ര ചമച്ചൂ
പുത്തന്‍ പുലരിച്ചന്തങ്ങള്‍

ധൃഷ്ടത കൂടുമധര്‍മ്മ ശതത്തിന്‍
പട്ടട തീര്‍ത്തൂ പന്തങ്ങള്‍ !
പാവന മംഗള ഭാവിപദത്തില്‍
പട്ടുവിരിച്ചു പന്തങ്ങള്‍
മര്‍ത്ത്യ ചരിത്രം മന്നിതിലെഴുതീ-
യിത്തുടു നാരാചാന്തങ്ങള്‍ ;

പോയ് മറവാര്‍ന്നവര്‍ ഞങ്ങള്‍ക്കേകീ,
കൈമുതലായീ പന്തങ്ങള്‍!
ഹൃദയനിണത്താല്‍ തൈലം നല്‍കി
പ്രാണമരുത്താല്‍ തെളിവേകി
മാനികള്‍ ഞങ്ങളെടുത്തു നടന്നൂ
വാനിനെ മുകരും പന്തങ്ങള്‍
ഉജ്ജ്വലമാക്കീ,യൂഴിയെ ഞങ്ങടെ-
യുജ്ജ്വല ഹൃദയ സ്പന്ദങ്ങള്‍ !
അടിമച്ചങ്ങല നീട്ടിയുടപ്പാന്‍
അഭിനവ ലോകം നിര്‍മ്മിപ്പാന്‍
ആശയ്ക്കൊത്തു തുണച്ചൂ ഞങ്ങളെ-
യാളിക്കത്തും പന്തങ്ങള്‍ !
കൂരിരുളിന്‍ വിരിമാറ് പിളര്‍ത്തീ
ചോര കുടിക്കും ദന്തങ്ങള്‍

വാങ്ങുകയായീ, ഞങ്ങള്‍ കരുത്തൊട്,
വാങ്ങുക വന്നീ പന്തങ്ങള്‍ !
എരിയും ചൂട്ടുകളേന്തിത്താരകള്‍
വരിയായ് മുകളില്‍ പോകുമ്പോള്‍
ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
എണ്ണീടാത്തൊരു പുരുഷായുസ്സുകള്‍
വെണ്ണീറാകും പുകയാകും
പൊലിമയൊടെന്നും പൊങ്ങുക പുത്തന്‍
തലമുറയേന്തും പന്തങ്ങള്‍ !
കത്തിന വിരലാല്‍ ചൂണ്ടുന്നുണ്ടവ
മര്‍ത്ത്യ പുരോഗതി മാര്‍ഗ്ഗങ്ങള്‍

ഗൂഢ തടത്തില്‍ മൃഗീയത മരുവും
കാടുകളുണ്ടവ കരിയട്ടെ
വാരുറ്റോരു നവീന യുഗത്തിന്‍
വാകത്തോപ്പുകള്‍ വിരിയട്ടെ
അസ്മദനശ്വര പൈതൃകമാമീ
അഗ്നി വിടര്‍ത്തും സ്കന്ദങ്ങള്‍
ആകെയുടച്ചീടട്ടെ മന്നിലെ
നാഗപുരത്തിന്‍ ബന്ധങ്ങള്‍
ചോര തുടിക്കും ചെറു കയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍ !

Sunday, December 7, 2014

സ്മരണകള്‍..

ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ (മൂന്നാം ക്ലാസില്‍ ഒക്കെ പഠിക്കുന്ന കാലത്ത്) ആഴ്ചയില്‍ ഒരു ദിവസം മുടങ്ങാതെ വീട്ടില്‍ വന്നിരുന്ന രണ്ടു കൂട്ടര്‍ ഉണ്ടായിരുന്നു !!

ഒന്ന്- വലിയ സ്റ്റീല്‍ പാത്രങ്ങളില്‍ അച്ചാറു കൊണ്ട് വരുന്നവര്‍ (സൂപ്പര്‍ ടേസ്റ്റ് ആയിരുന്നു )

രണ്ട് - വലിയ നീല പ്ലാസ്റ്റിക് കവറില്‍ ചോളാപ്പൊരി കൊണ്ട് വരുന്നവര്‍...

നഷ്ടങ്ങള്‍ ഒരുപാടാണ്‌..!!

അവരൊന്നും ഇനി ഒരിക്കലും വരില്ലായിരിക്കും അല്ലെ..?? അവരൊക്കെ ഇപ്പോള്‍ എവിടെ ആയിരിക്കും...??

ആ നഷ്ടങ്ങള്‍ ആണ് ഇന്ന് ഓര്‍മ്മകള്‍ ആയി രൂപാന്തരം പ്രാപിച്ചത്...!!

കാത്തിരിപ്പ്..

കതിവന്നൂര്‍‌വീരനെ നോന്‍പുനോറ്റിരുന്നു,
മാമയില്‍പ്പീലിപോലഴകോലും ചെമ്മരത്തി..
പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി,
അവള്‍ മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു..
വില്ലാളിവീരനെ ഒരുനോക്കു കാണുവാന്‍,
നൊമ്പരം പൂണ്ടവള്‍ മനംനൊന്തുപിടഞ്ഞു...!!!