Tuesday, October 25, 2016

പടി മറയുന്ന പഴയ കാലം..!!

വയലേലയില്‍ കിളി കൂട്ടമായ് 
കതിരുണ്ണുവാന്‍ വന്നു പോയ്‌...
പുഴ മീനുകള്‍ തെളി നീരിലായ്
കളി ചൊല്ലി നീങ്ങുന്നുവോ..
പഴയ കാലങ്ങളെങ്ങോ
പടി മറയുവതിനി വരുമോ...!!
ചില സമയങ്ങളില്‍ നമ്മള്‍ കേള്‍ക്കുന്ന ചില വരികളും വാക്കുകളും ഒക്കെ നമ്മെ വളരെ ചിന്തിപ്പിക്കും.. ചിരിപ്പിക്കും.. കണ്ണില്‍ നനവ്‌ പടര്‍ത്തും...!!! 
ഈ വരികള്‍ കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്നത് 16 വര്ഷം മുന്‍പുള്ള SC സ്കൂളിന്റെ ചിത്രമാണ്.. മുന്നില്‍ പച്ചപ്പ്‌ നിറഞ്ഞ പാടം.. അവിടെ വരുന്ന കിളികള്‍.. അത് കഴിഞ്ഞു ഒരു കൈത്തോട്‌.. റോഡിനോട് ചേര്‍ന്നുള്ള മറ്റൊരു തോട്.. അതില്‍ ഒക്കെ ഉണ്ടായിരുന്ന ചെറിയ മീനുകള്‍.. പാടത്തിന്റെ നടുവില്‍ കൂടെ സ്കൂളിലേക്ക് നീണ്ടു കിടന്ന റോഡ്‌.. അവിടെ ഒക്കെ ഓടി കളിച്ചു നടന്ന ഞാനും എന്റെ കൂട്ടുകാരും...!!! വെള്ളം പൊങ്ങുമ്പോള്‍ ഒരു കണ്ടത്തില്‍ നിന്ന് മറ്റെതിലേക്ക് ആ റോഡിനു പുറത്തുകൂടെ വെള്ളം ഒഴുകുമായിരുന്നു... അരുവി പോലെ...ഇന്ന് ആ പാടം ഇല്ല.. വരമ്പുകള്‍ ഇല്ല.. തോട് ഇല്ലാ കുഞ്ഞു മീനുകളും ഇല്ലാ... ഉച്ചക്ക് സ്‌കൂൾ വിട്ടാൽ കൂട്ടുകാരും എല്ലാവരുംകൂടി പൊതിപാത്രവും എടുത്തുകൊണ്ടു ഒരോട്ടമാണ്.. കണ്ടത്തിന്റെ നടുക്കുകൂടെ ഒഴുകുന്ന തോട്ടിലെ കെട്ടിലിരുന്നുകൊണ്ടു കാലും വെള്ളത്തിലിട്ടു ചോറുണ്ണും. അതൊക്കെ ഇപ്പോൾ കൊതിയൂറുന്ന ഓർമ്മകൾ... 
നമുക്ക് എല്ലാം നഷ്ടമായിരിക്കുന്നു.. എങ്കിലും മനസ് വീണ്ടും പാടി പോകുന്നു...
പഴയ കാലങ്ങളെങ്ങോ
പടി മറയുവതിനി വരുമോ...!!

Saturday, October 22, 2016

പ്രകൃതിയെ മറക്കരുത്..!!

ഡിസ്‌പോസിബിള്‍ കുപ്പികളില്‍ വ്യാപാരാടിസ്‌ഥാനത്തില്‍ ലഭിക്കുന്ന ശുദ്ധജലം തുടക്കത്തില്‍ വിദേശികളുടെ കൈയില്‍ മാത്രമേ കണ്ടിരുന്നുള്ളൂ... എന്നാലിപ്പോള്‍ വീടിന്റെ പടിയിറങ്ങിയാല്‍ ദാഹജലത്തിനായി നാം കുപ്പിവെള്ളത്തെ മാത്രമേ ആശ്രയിക്കൂ...!!
അടുത്ത്‌ തന്നെ ശുദ്ധവായുവും ഇങ്ങനെ കുപ്പിയില്‍ ലഭിക്കുന്ന കാലം വിദൂരമല്ല...!!
പ്രകൃതിയെ മറക്കരുത്.. കൊടിയ വിപത്തിലൂടെ മാത്രമേ പ്രകൃതി നമുക്ക് ഓർമ്മപ്പെടുത്തൽ തരുകയുള്ളൂ...!!!

Saturday, October 15, 2016

സ്നേഹം പരക്കട്ടെ...!!

വഴിതെറ്റി എന്റെ നേര്‍ക്കുവന്ന നിന്റെ എതോ വാക്കുകളില്‍ തട്ടിയാണ് ,
എന്റെ ചിന്തകളില്‍ പ്രണയത്തിന്റെ വിഷം തീണ്ടിയത്...!!:)
മത രാക്ഷ്ട്രീയ വർഗ്ഗീയ ചരിത്രം പറഞ്ഞു തല്ലു കൂടുന്നവരേക്കാൾ മുകളിൽ നിൽക്കുന്നു സ്നേഹത്തിനെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ പൈങ്കിളി രചിക്കുന്നവർ.. അവർ ഹൃദയങ്ങളിൽ സ്നേഹം നിറക്കുന്നു, മറ്റുള്ളവർ വെറുപ്പും വിഷവും നിറക്കുന്നു.
ഈ വർഗ്ഗീയ വിഷം ചീറ്റുന്ന പെഴച്ച നാവുകളെ അടക്കുവാൻ നോക്കണം അധികാരികൾ...
സ്നേഹം പരക്കട്ടെ...!! 

Thursday, October 13, 2016

ജയ് ഹര്‍ത്താല്‍ !!!

സുന്ദരമായൊരു ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കയാണ്....
കുപ്പിയും, കോഴിയും, സീരിയലും,വാര്‍ത്താ ചാനലുകളുമായി മലയാളി അവന്റെ ഭീരുത്വവും അരാഷ്ട്രീയതയും ആഘോഷിക്കുന്ന മഹത്തായ ദിനമാണ് ഹര്‍ത്താല്‍ !
ഹര്‍ത്താലുകള്‍ പ്രഖ്യാ‍പിക്കുന്ന നേതാക്കളെയും,കടയടപ്പിക്കാനും വാഹനം തടയാനും പുറത്തിറങ്ങുന്ന ഹര്‍ത്താല്‍ പ്രചാരകരെയും അറസ്റ്റു ചെയ്ത് ജനജീവിതത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട നമ്മുടെ സര്‍ക്കാര്‍ ധാര്‍മ്മിക ശക്തിയില്ലാതെ പകലുറങ്ങുമ്പോള്‍... അരങ്ങ് വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഒഴിഞ്ഞുകൊടുത്ത് നമുക്ക് മാളങ്ങളിലേക്ക് ഉള്‍വലിയാം...!!
ജാതിയുടെയും മതത്തിന്റെയും രാക്ഷ്ട്രീയത്തിന്റെയും പേരില്‍ കൊല്ലും കൊലയും നടത്താനല്ല ഐക്യം വേണ്ടത്.. രാപ്പകല്‍ കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്നവന്റെ മുതല്‍ പിടിച്ചു പറിക്കുന്നവന്റെയും.. നടു റോഡില്‍ അമ്മയെയും പെങ്ങളെയും കയറി പിടിക്കുന്നവന്റെയൊക്കെ കഴുത്ത് വെട്ടാനാ വേണ്ടത്...
ജയ് ഹര്‍ത്താല്‍ !!!

Saturday, October 8, 2016

ആദര്‍ശം..!!

ആദര്‍ശം ചിലപ്പോഴെങ്കിലും ഒരു ഭാരമാണ്....!!
ഇന്നലെ വരെ വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ തെറ്റാണ് എന്ന് ബോധ്യപ്പെട്ടാല്‍ ,താന്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ കാലഹരണപ്പെട്ടു എന്ന് മനസ്സിലായാല്‍ , അത്‌ തുറന്നു പറയാന്‍ വല്ലാത്ത ഒരു ആത്മ ധൈര്യം വേണം.....!!
അടിയുറച്ച് വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ അടിത്തറ കൊലപാതകവും അഴിമതിയും കൊണ്ട് സൃഷ്ടിച്ചതാണെന്നു തിരിച്ചറിഞ്ഞാൽ അത് തുറന്നു പറയാൻ ധൈര്യമുള്ള എത്ര പേരുണ്ടിവിടെ.. ??

Sunday, October 2, 2016

ഗാന്ധി ജയന്തി..


മഹാത്മാഗാന്ധി തീവ്രവാദിയായിരുന്നു എന്നുതന്നെയാണ് എന്റെ വിശ്വാസം...
സത്യസന്ധതയുടെ തീവ്രവാദി...!!!
അഹിംസയുടേയും...!!