Monday, December 31, 2012

Happy New Year...!!!

ഒരു പുതിയ വര്‍ഷത്തിന്‍റെ അധികം അകലെ അല്ലാത്ത പാദ പഥനങ്ങള്‍ക് കാതോര്‍ക്കുകയാണ് നാം മനുഷ്യര്‍.. പിന്‍വാങ്ങി പോകുന്ന വര്ഷം മനുഷ്യ രാശിക്ക് ശേഖരിച്ചു സംഭരിച്ചു നല്‍കിയത് ഒരുപാട് ഒരുപാട് ഒക്കെയാണ്.. കടല്‍ വാരി തരുന്നത് പോലെ കൈ നിറയെ സമ്മാനങ്ങള്‍.. പുതിയ ചിന്തകള്‍, പുതിയ പുരോഗതികള്‍, പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകള്‍... ആണവ ഊര്‍ജത്തിന്‍റെയും സൈബര്‍ സംസ്കാരത്തിന്‍റെയും പുത്തന്‍ കരുത്തുകള്‍..
കവി വാക്യം ഓര്‍മിപ്പിക്കുന്നത്‌ പോലെ ചക്രവാള ചുമരില്‍ അലസം ചുമല്‍ ചാരി നിന്ന് സുര പഥങ്ങളിലേക്ക് നീട്ടി മുറുക്കി തുപ്പിക്കൊണ്ട് ഗോളങ്ങളെ പോലും എടുത്തു അമ്മാനമാടുകയാണ് ഇതിരിയില്ലാത്ത, ഇത്തിരി പോന്ന മനുഷ്യന്‍.. നമുക്ക് അഭിമാനിക്കാം.. നമുക്ക് ആഹ്ലാദിക്കാം.. നമുക്ക് അഹങ്കരിക്കാം...

എങ്കിലും ഒരു കൈ കൊണ്ട് കടല്‍ തരുന്നത് മറു കൈ കൊണ്ട് കവര്‍ന്നു എടുക്കുന്നു എന്ന് പറയുന്ന പോലെ.., കാലം വീണ്ടും മനുഷ്യനെ കബളിപ്പിക്കുക ആണ്.. കിട്ടിയ സമ്മാനങ്ങള്‍ എല്ലാം കൈ വിട്ടു പോയ കൊച്ചു കുട്ടിയെ പോലെ...കാലം എന്ന മഹാ സാഗരത്തിന് കരയില്‍ ശൂന്യമായ കൈകളുമായി , നിസാരനായ..., തുലോം നിസാരനായ മനുഷ്യന്‍ പകച്ചു നില്കുന്നു.. അണൂയുദ്ധ ഭീഷണികളുടെയും അഗ്നി ലാവ സ്ഫോടനങ്ങളുടെയും പ്രകൃതിയുടെ പ്രചണ്ടമായ താപങ്ങളുടെയും നടുവില്‍.., ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു പോയ അനാഥ ബാലന്‍റെ ചങ്കിടിപ്പോടെ, ഭയപ്പാടോടെ മനുഷ്യന്‍ നില്‍ക്കുന്നു...

നേട്ടങ്ങളെക്കാളും നഷ്ടങ്ങളുടെ പേരില്‍ ആവും 2012 ഓര്‍മിക്കപ്പെടുക.. 120 കോടിയില്‍ പരം ജനങ്ങള്‍ ഉള്ള ആര്‍ഷ ഭാരതത്തില്‍ സംസ്കാരവും പ്രത്യയ ശാസ്ത്രങ്ങളും എറിഞ്ഞു ഉടക്കപ്പെടുന്ന കാഴ്ചയാണ് തിരിഞ്ഞു നോക്കുമ്പോള്‍ കാണാന്‍ കഴിയുക... പഞ്ചായത്ത് തിരിച്ചു പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍.. ഒരു ഗ്ലാസ്‌ ചായക്ക്‌ മുന്നില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ ഒരു തെരുവ് യുദ്ധത്തിലേക്ക് വലിച്ചു ഇഴക്കപ്പെടുമ്പോള്‍ അവര്‍ക്ക് രക്ത സാക്ഷികളെ കിട്ടും ആയിരിക്കാം.. പക്ഷെ നഷ്ടം ആകുന്നതു ഒരു നാടിന്‍റെ മാത്രം അല്ല ഒരു കുടുംബത്തിന്‍റെ, അമ്മയുടെ, സഹോദരങ്ങളുടെ, ഭാര്യയുടെ, മക്കളുടെ ഒക്കെ സ്വപ്‌നങ്ങള്‍ ആണ്.. പ്രതീക്ഷകള്‍ ആണ്. 51 വെട്ടു ഏററ് തലച്ചോറ് പിളര്‍ന്നു മരിച്ച Revolutionary Marxist Party നേതാവ് ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകം നമുക്ക് ഓര്‍ക്കാം.. ആസാം കലാപങ്ങളെ ഓര്‍കാം... ഏറ്റവും ഒടുവിലായി നരാധമന്മാരുടെ കാമ വെറിക്കു മുന്നില്‍ ജീവന്‍ പോലും നഷ്ടമായ ആ പെണ്‍കുട്ടിയെ ഓര്‍കാം... ഇതാണോ നമുക്ക് പൂര്‍വികര്‍ പകര്‍ന്നു തന്ന സംസ്കാരം..?? ജീവനെ നമുക്ക് ഉണ്ടാക്കാന്‍ സാധിക്കില്ല.. അതിനെ ആദരിക്കാനും സ്നേഹിക്കാനും മനസ് ഉണ്ടാവണം.. ജീവന്‍ തന്നെ ആണ് പ്രത്യക്ഷം ആയ സത്യം... അത് തന്നെ ആണ് ദൈവവും..

മുന്‍പ് ഒരിക്കല്‍ എഴുതിയത് ഒന്ന് കൂടെ ആവര്‍ത്തിക്കട്ടെ :- 

"സ്വസ്ഥം ആയി ഉറങ്ങുന്ന രാത്രികള്‍കും തെളിഞ്ഞ മനസ്സോടെ ഉണരുന്ന പ്രഭാതങ്ങള്‍കും ആയി ഉള്ള കാത്തിരിപ്പ്‌ നീളുന്നു.. വരും കാലങ്ങള്‍ നന്മയുടെതെന്നു നമുക്ക് പ്രതീക്ഷിക്കാം...ജാതിയുടെയും മതത്തിന്‍റെയും വര്‍ണ വൈജാത്യങ്ങളുടെയും പേരില്‍... ഈശ്വരന്‍ ഈ ഭൂമിയുടെ പ്രതലത്തില്‍ വരച്ചു വക്കാന്‍ മറന്നു പോയ അതിര്‍ത്തി രേഖകളുടെയും നിയന്ത്രണ രേഖകളുടെയും പേരില്‍... വരും തലമുറ പരസ്പരം കലഹിച്ചു പോരാടി നരവംശ നാശം സംഭവിപ്പിക്കില്ല എന്ന് പ്രത്യാശിക്കാം... രക്ത സാക്ഷികളുടെയും ബലി ദാനികളുടെയും ചോര വീണു നാളെയുടെ സന്ധ്യകള്‍ ഇനി ചുവക്കാതെ ഇരിക്കട്ടെ... കുങ്കുമം മാഞ്ഞ സിന്ദൂര രേഖകളും അനാതത്വതിലേക്ക് പകച്ചു നോക്കുന്ന ബാല്യങ്ങളും ഇനി പഴംകഥകള്‍ ആവട്ടെ... കൂത്ത്പറമ്പും ഒഞ്ചിയവും ഗുജറാത് ആസാം കലാപങ്ങളും ഡല്‍ഹിയും പീഡന പരമ്പരകളും ഇനി ഉണ്ടാവാതിരിക്കട്ടെ.. ഗര്‍ഭ പാത്രത്തില്‍ ഇരുന്നു പോലും യുദ്ധ തന്ത്രങ്ങള്‍ മെനയുന്ന അഭിമന്യുമാര്‍ ഇനി പിറക്കാതെ ഇരിക്കട്ടെ.. ഇസങ്ങള്‍കും കൊടിയുടെ നിറങ്ങള്‍കും അപ്പുറം മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന ഒരു നല്ല നാളെ... അത് ഉണ്ടാവട്ടെ നമ്മുടെ നമ്മുടെ ജീവിതത്തില്‍..." 

പുതു വത്സര ആശംസകള്‍...!!

No comments:

Post a Comment