Tuesday, August 14, 2012

HAPPY INDEPENDENCE DAY...!!! JAI HIND..!!

ഭാരതം.. എന്‍റെ രാജ്യം.. ഏറ്റവും നല്ല മനുഷ്യരുടെ നാട്..സ്നേഹിക്കാന്‍ അറിയാവുന്നവരുടെ നാട്.. ഏത് ഭ്രാന്തിന്‍റെ വിത്തുകള്‍ ആണ് ഇവിടുത്തെ നല്ല മനുഷ്യരുടെ കൈകളിലേക്ക്  കൊലക്കത്തി വച്ച് നീട്ടുന്നത്.. പഞ്ചായത്ത് തിരിച്ചു പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കുന്ന ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ഇതിനു ഉത്തരവാദികള്‍ ആണ്.. ഒരു ഗ്ലാസ്‌ ചായക്ക്‌ മുന്നില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ ഒരു തെരുവ് യുദ്ധത്തിലേക്ക് വലിച്ചു ഇഴക്കപ്പെടുമ്പോള്‍ അവര്‍ക്ക് രക്ത സാക്ഷികളെ കിട്ടും ആയിരിക്കാം.. പക്ഷെ നഷ്ടം ആകുന്നതു ഒരു നാടിന്‍റെ സ്വപ്‌നങ്ങള്‍ ആണ്.. പ്രതീക്ഷകള്‍ ആണ്.

മുള്ള് മൂത്ത മീനിന്‍റെയും ചുള ഉറച്ച വരിക്ക ചക്കയുടെയും പേരില്‍ പോലും അങ്ക തട്ടില്‍ ഇറങ്ങി മാറ്റാന്‍റെ തല കൊയ്തിരുന്ന ചേകവന്‍റെ ജീന്‍ ഈ തലമുറയോട് കൂടെ അവസാനിക്കണം.. ക്ഷമ ആവണം നമ്മുടെ ആയുധം.. വിശക്കുന്നവനു മനസ്സ് അറിഞ്ഞു കൊടുക്കുന്ന ഒരു പിടി ചോറിനു ഏത് പ്രത്യയ ശാസ്ത്രതെക്കാളും വില ഉണ്ടെന്നു മനസ്സില്‍ ആക്കണം..
സ്വസ്ഥം ആയി ഉറങ്ങുന്ന രാത്രികള്‍കും തെളിഞ്ഞ മനസ്സോടെ ഉണരുന്ന പ്രഭാതങ്ങള്‍കും ആയി ഉള്ള കാത്തിരിപ്പ്‌ നീളുന്നു.. വരും കാലങ്ങള്‍ നന്മയുടെതെന്നു നമുക്ക് പ്രതീക്ഷിക്കാം...ജാതിയുടെയും മതത്തിന്‍റെയും വരന വൈജാത്യങ്ങളുടെയും പേരില്‍... ഈശ്വരന്‍ ഈ ഭൂമിയുടെ പ്രതലത്തില്‍ വരച്ചു വക്കാന്‍ മറന്നു പോയ അതിര്‍ത്തി രേഖകളുടെയും നിയന്ത്രണ രേഖകളുടെയും പേരില്‍ വരും തലമുറ പരസ്പരം കലഹിച്ചു പോരാടി നരവംശ നാശം സംഭവിപ്പിക്കില്ല എന്ന് പ്രത്യാശിക്കാം... രക്ത സാക്ഷികളുടെയും ബലി ദാനികളുടെയും ചോര വീണു നാളെയുടെ സന്ധ്യകള്‍ ഇനി ചുവക്കാതെ ഇരിക്കട്ടെ... കുങ്കുമം മാഞ്ഞ സിന്ദൂര രേഖകളും അനാതത്വതിലേക്ക് പകച്ചു നോക്കുന്ന ബാല്യങ്ങളും ഇനി പഴംകഥകള്‍ ആവട്ടെ... കരിവള്ളൂരും കൂത്ത്പറമ്പും ഒഞ്ചിയവും ഗുജറാത് ആസാം കലാപങ്ങളും ഇനി ഉണ്ടാവാതിരിക്കട്ടെ.. ഗര്‍ഭ പാത്രത്തില്‍ ഇരുന്നു പോലും യുദ്ധ തന്ത്രങ്ങള്‍ മെനയുന്ന അഭിമന്യുമാര്‍ ഇനി പിറക്കാതെ ഇരിക്കട്ടെ.. ഇസങ്ങള്‍കും കൊടിയുടെ നിറങ്ങള്‍കും അപ്പുറം  മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന ഒരു നല്ല നാളെ... അത് ഉണ്ടാവട്ടെ നമ്മുടെ ഭാരതത്തില്‍..  

സ്വാതന്ത്ര്യ ദിന ആശംസകള്‍.. ജയ് ഹിന്ദ്‌..

No comments:

Post a Comment