അകലെ..
പാലും തേനും ഒഴുകുന്ന കന്യാ വനങ്ങളില്‍ നിന്നും...
ശാന്തിയുടെ നീല പോയ്കകളില്‍ നിന്നും...
ഉഷ്ണ അഗ്നിയിലും ഹരിശ്രീ മായാത്ത കിനാക്കളുടെ ധാരാളിത്തത്തില്‍ നിന്നും...
കൂട്ടായ്മയുടെയും തന്നിഷ്ടങ്ങളുടെയും പരന്നു പടരുന്ന ആകാശങ്ങളില്‍ നിന്നും..
ഒക്കെയകലെ... ഇങ്ങിവിടെ..
പോയ വസന്തങ്ങള്‍ ഒന്നും ഇനി വരില്ല എന്ന് അറിഞ്ഞിട്ടും...
സ്വപ്നങ്ങളില്‍ ഒന്നും നിറവില്ലന്നറിഞ്ഞിട്ടും....
വര്‍ഷാന്ത്യ ശ്രാധങ്ങള്‍ക്ക് കാക്ക വിളിക്കുമ്പോള്‍...
ഇനിയും തറവാട്ടില്‍ പറന്നിറങ്ങി ബലിചോര്‍ ഉണ്ണാമെന്ന ആശയോടെ...
വിദൂരതയുടെ മണല്ക്കാടുകളിലേക്ക് ചവുട്ടി താഴ്ത്തപ്പെട്ടു കൊണ്ട്....
പുത്തരി മാവേലിമാരായി,
വൃഥാ വ്യാമോഹിച്ചു കൊണ്ട്...
വിലപിച്ചു കൊണ്ട്..
നാം ഇവിടെ..
അകലെ..
ഉത്തോപ്പിയയുടെ സ്വപ്ന തീരങ്ങളില്‍ നിന്നും ഏറെ അകലെ..
ഇതാണ് തത്വം, ഇത് മാത്രമാണ് സത്യം എന്നഹങ്കരിച്...
എത്ര തല്ലിയാലും ഞങ്ങള്‍ ഒരിക്കലും നന്നാവില്ല എന്നുറച്ച മരുമക്കളായി...
ആര്‍ത്തിയുടെ,
ആലസ്യത്തിന്‍റെ,
ശുഷ്ക പെടകങ്ങളിലേക്ക് ചുരുങ്ങിച്ചുരുങ്ങി
പുതു വാമനന്മാരായി ..
ചതിച്ചും വിലപേശിയും..
എന്നിട്ടും സ്വാനുകമ്പയില്‍ തപിച്ചും..
നാം അവിടെ..
നമുക്കിടയില്‍ വന്നു പെട്ട ഈ പൊന്നോണത്തെ ഒരിക്കല്‍ കൂടി നമുക്ക് ഒന്ന് ആശംസിച്ചു വിടാം...
എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..